ദില്ലി: മുന്‍ നാവികസേനാംഗം കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ചതിനെതിരെ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കിയില്ല. പ്രതികാരം തീര്‍ക്കാന്‍ മുന്‍കരസേന ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന് പാകിസ്ഥാന്‍ ആരോപിച്ചു.

മുന്‍ നാവികസേനാംഗം കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈന്യം വധശിക്ഷ വിധിച്ചതില്‍ പാര്‍ലമെന്റ് ഇന്നലെ ശക്തമായി പ്രതിഷേധിച്ചിരുന്നു. പാകിസ്ഥാന് താക്കീത് നല്കുന്ന പ്രമേയം പാസ്സാക്കണം എന്ന ആവശ്യവും ഉയര്‍ന്നു. പ്രമേയം തയ്യാറാക്കാന്‍ വിദേശകാര്യമന്ത്രാലയം ശശിതരൂരിന്റെ സഹായം തേടി എന്ന റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഈ റിപ്പോര്‍ട്ടുകള്‍ തള്ളി. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം അവസാനിച്ച ഇന്ന് എന്നാല്‍ പ്രമേയം അവതിപ്പിച്ചില്ല. പാകിസ്ഥാനുമേല്‍ ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുന്‍ വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു.

കുല്‍ഭൂഷണ്‍ യാദവ് റോയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു എന്ന പാകിസ്ഥാന്‍ ആരോപണം പുതിയ അറിവാണെന്നും വ്യാപാരത്തിനായി പോയി എന്നാണ് കുടുംബത്തോട് പറഞ്ഞതെന്നും പിതാവും മുംബൈ പോലീസ് മുന്‍ എ സി പിയുമായ സുധീര്‍ ജാദവ് പറഞ്ഞു. ഇതിനിടെ പക വീട്ടാന്‍ ഇന്ത്യ പാക് സൈന്യത്തില്‍ നിന്ന് ലഫ്റ്റനന്റ് കേണല്‍ റാങ്കില്‍ പ്രവര്‍ത്തിച്ച മൊഹമ്മദ് ഹമീദ് എന്ന ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. നേപ്പാളില്‍ ഒരു സ്വകാര്യ ഏജന്‍സിയില്‍ ചേരാന്‍ പോയ മൊഹമ്മദ് ഹമീദിനെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ അവിടെ നിന്ന് തട്ടിക്കൊണ്ടു പോയെന്നാണ് ആരോപണം.