കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ സ്വാശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ സമരം നിയന്ത്രിക്കുന്നതിനിടെ വനിത പൊലീസ് ഓഫീസറെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ്‍ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോയമ്പത്തൂര്‍ ഗാന്ധിപുരത്താണ് സംഭവം. 

വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ വനിത പൊലീസ് ഓഫീസറെ അപമാനിക്കുന്ന തരത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചില്‍ മനപ്പൂര്‍വ്വം തൊടുന്നതും തള്ളുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. 

സമരത്തിനിടെ വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന വനിത ഉദ്യോഗസ്ഥെയെ പൊലീസ് എ.സി ജയറാം മനപ്പൂര്‍വ്വം സ്പര്‍ശിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ഉദ്യോഗസ്ഥ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജയറാം ആവര്‍ത്തിക്കുകയായിരുന്നു. 

സംഭവത്തില്‍ അപമാനിക്കപ്പെട്ട പെലീസ് ഉദ്യോഗസ്ഥ ഇതുവരെ പരാതിയുമായി എത്തിയിട്ടില്ല. എന്നാല്‍ സംഭവത്തില്‍ വിശദീകരണുമായി ജയറാം രംഗത്തെത്തി. തിരക്കിനിടയില്‍ സംഭവിച്ചതാണെന്നും തന്റെ വശത്തായി നില്‍ക്കുന്നത് വനിത ഉദ്യോഗസ്ഥയാണെന്ന് അറിയില്ലായിരുന്നെന്നും ആയിരുന്നു അസിസ്റ്റന്റ കമ്മീഷണര്‍ ജയറാമിന്റെ പ്രതികരണം.

സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്ന് കോയമ്പത്തൂര്‍ കമ്മീഷണര്‍ അറിയിച്ചു. മെഡിക്കല്‍ പ്രവശനം ലഭിക്കാത്തതില്‍ ആത്മഹത്യ ചെയ്ത അനിതയുടെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെയായിരുന്നു പൊലീസുകാര്‍ക്ക ആകെ നാണക്കേടുണ്ടാക്കിയ സംഭവം.