പഠനം നടത്താതെ ക്ലീന്‍ചിറ്റ്  വീഴ്ച സമ്മതിച്ച് കളക്ടര്‍  കക്കാടംപൊയിലില്‍ ശാസ്ത്രീയ പഠനം നടന്നിട്ടില്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഭൂപട വിവരങ്ങളുടെ അടിസ്ഥാനത്തില്

കക്കാടംപൊയില്‍: പി വി അന്‍വറിന്‍റെ പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന ജില്ലാഭരണകൂടത്തിന്‍റെ കണ്ടെത്തല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെയെന്ന് വെളിപ്പെടുത്തല്‍. വിലയിരുത്തലിന് പരിഗണിച്ചത് പ്രദേശത്തിന്‍റെ അക്ഷാംശ, രേഖാംശ വിവരങ്ങള്‍ മാത്രമാണ്. ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നെന്നും കോഴിക്കോട് ജില്ലാകളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ഒരു പ്രദേശത്തിന്‍റെ ദുരന്തസാധ്യത വിലയിരുത്തണമെങ്കില്‍ ശാസ്ത്രീയമായ പഠനം നടത്തണമെന്നിരിക്കെയാണ് ഭൂപട പഠനം മാത്രം നല്‍കി ക്ലീന്‍ ചിറ്റ് നല്‍കിയത്. പ്രദേശത്തിന്‍റെ ചരിവ്, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, പ്രദേശത്ത് പെയ്യുന്ന മഴയുടെ കണക്ക്, നിര്‍മ്മാണ പ്രവൃത്തികള്‍, ഉപഗ്രഹ ചിത്രങ്ങളിലെ പ്രദേശത്തിന്‍റെ കിടപ്പ് തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് ദുരന്ത സാധ്യത വിലയിരുത്തേണ്ടത്. എന്നാല്‍ പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പരിശോധനകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാകുകയാണ്. 

അന്വേഷണത്തിന് നിയോഗിച്ച ദുരന്തനിവാരണ ഡപ്യൂട്ടി കളക്ടര്‍ പരിഗണിച്ചത് പ്രദേശത്തിന്‍റെ ഭൂപടത്തിലെ അക്ഷാംശ, രേഖാംശ വിവരങ്ങളാണ്. ഡപ്യൂട്ടി കളക്ടര്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അടിയന്തര ഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രം അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കി. അക്ഷാംശ രേഖാംശ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശം ദുരന്തസാധ്യത മേഖലയല്ലെന്നായിരുന്നു കണ്ടെത്തല്‍. മറ്റ് ഏജന്‍സികളെയൊന്നും അന്വേഷണത്തിന് നിയോഗിക്കാതെ റിപ്പോര്‍ട്ട് അതേപടി കളക്ടര്‍ സര്‍ക്കാരിന് നല്‍കുകയായിരുന്നു.

അക്ഷാംശ രേഖാംശ വിവരങ്ങള്‍ മാത്രം പരിഗണിച്ച് ദുരന്തസാധ്യത വിലയിരുത്താനാകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഉരുള്‍പൊട്ടലുണ്ടായതിന് പിന്നാലെ വിദഗ്ധ സംഘത്തെ കളക്ടര്‍ അന്വേഷണത്തിന് നിയോഗിച്ചിരിക്കുകയാണ്.