ആരോഗ്യമേഖലയില്‍ സ്വയംപര്യാപ്തത പ്രതീക്ഷിച്ചിരുന്ന കൊച്ചിക്ക് ബജറ്റ് സമ്മാനിച്ചതും നിരാശ. മധ്യകേരളത്തിലെ അര്‍ബുദ രോഗികള്‍ക്ക് ആശ്രയമാകുമെന്ന് പ്രതീക്ഷിച്ച കൊച്ചി ക്യാന്‍സര്‍ സെന്ററിനെ പുതിയ സര്‍ക്കാരും കൈവിട്ടു. മെഡിക്കല്‍ കോളേജ് എന്ന പേര് മാത്രം പേറി ഊര്‍ദ്ധശ്വാസം വലിക്കുന്ന ആശുപത്രിയുടെ വികസനത്തിന് ബജറ്റില്‍ തുക അനുവദിച്ചില്ല. കൊച്ചി മെട്രോക്ക് പ്രത്യേകമായി തുക അനുവദിക്കാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നു.

കെഎസ്ആര്‍ടിസി രക്ഷാപദ്ധതിയുടെ ഭാഗമായാണ് ആയിരം സിഎന്‍ജി ബസുകള്‍ കൊച്ചി കേന്ദ്രമാക്കി നിരത്തില്‍ ഇറക്കുന്നത്. 300 കോടി രൂപയുടെ പദ്ധതിയാണിത്. കൊച്ചിയിലെ ഐടി പാര്‍ക്കുകള്‍ക്കും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1500 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നതിനായി കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിന് 60 കോടി രൂപ വകയിരുത്തിയതാണ് ഇതില്‍ ശ്രദ്ധേയം. ഇവ ഒഴിച്ച് നിര്‍ത്തായാല്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥമാനായ കൊച്ചിയുടെ വികസനത്തിന് ഉതകുന്ന പദ്ധതികളൊന്നും ബജറ്റിലില്ല.