റഫാല്‍ വിമാനങ്ങളുടെ വില 650 കോടിയില്‍ നിന്ന് എങ്ങനെ 1600 കോടിയായതെന്ന് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് മുന്നില്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ശരദ് പവാര്‍ ആവശ്യപ്പെട്ടു

ദില്ലി: റഫാല്‍ കരാറുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചിട്ടില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. താന്‍ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ഇനി പിന്തുണയ്ക്കില്ലെന്നും മഹാരാഷ്ട്രയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

എന്ത് കൊണ്ടാണ് റഫാല്‍ വിമാനങ്ങളുടെ വില 650 കോടിയില്‍ നിന്ന് എങ്ങനെ 1600 കോടിയായതെന്ന് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് മുന്നില്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ശരദ് പവാര്‍ ആവശ്യപ്പെട്ടു. താന്‍ മോദിയെ പിന്തുണച്ചതായി ആരോപണമുന്നയിച്ച് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

ഒരിക്കലും മോദിയെ പിന്തുണയ്ക്കില്ല. ഒരു മറാഠി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്നായിരുന്നു ശരദ് പവാര്‍ പറഞ്ഞത്. ഈ പ്രസ്താവന പാര്‍ട്ടിയിലടക്കം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ബിജെപി ഇതിന്‍റെ ചുവട് പിടിച്ച് ശരദ് പവാറിന്‍റെ വാക്കുകളെ സ്വാഗതം ചെയ്യുകയും ചെയ്തു.

സംയുക്ത പാര്‍ലമെന്‍ററി സമിതി റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കണമെന്നുള്ള പ്രതിപക്ഷ ആവശ്യം ഉയരുന്നതിനിടെ വന്ന പ്രസ്താവന പാര്‍ട്ടിയില്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. എംപിയും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയുമായി താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍ രാജിവെയ്ക്കുകയും ചെയ്തു. ഇതോടെയാണ് തന്‍റെ മുന്‍ നിലപാടില്‍ നിന്ന് പവാര്‍ മലക്കം മറിഞ്ഞിരിക്കുന്നത്.