ബംഗളൂരു: ടിഡിപിയുമായി ദേശീയ തലത്തിലുള്ള സഹകരണം ആന്ധ്രാപ്രദേശിൽ വേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു. ബിജെപിക്ക് എതിരായ വിശാല സഖ്യത്തിൽ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു രാഹുൽ ഗാന്ധിയുടെ കൈ പിടിച്ചെങ്കിലും ആന്ധ്രയിൽ പോരാട്ടം ഒറ്റയ്ക്ക് മതിയെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു. ടിഡിപിയുമായി ദേശീയ തലത്തിൽ മാത്രമാണ് നീക്കുപോക്കെന്നും സംസ്ഥാനത്ത് എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു.

പൊതുതെരെഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുകയാണ്. 175 അസംബ്ലി സീറ്റുകളിലും 25 ലോക്സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തെലങ്കാനയിൽ ടിഡിപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും ആന്ധ്രയിൽ അതില്ലാത്തത് എന്തുകൊണ്ട് എന്നതിന് രണ്ടുകക്ഷികളും രാഷ്ട്രീയമായി ഉത്തരം പറയേണ്ടിവരും. 

സഖ്യകാര്യത്തിൽ രാഹുൽ ഗാന്ധി അന്തിമ തീരുമാനം എടുക്കുമെന്ന് പിസിസി അധ്യക്ഷൻ രഘുവീര റെഡ്ഢി പറഞ്ഞു. പക്ഷെ ഒറ്റക്ക് മത്സരിക്കുന്ന കാര്യത്തിൽ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം അവസാനം നേതൃയോഗങ്ങൾ വീണ്ടും ചേരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അടുത്തമാസം സംസ്ഥാനമാകെ ബസ് യാത്ര നടത്താനും കോൺഗ്രസ് തീരുമാനിച്ചു.

നായിഡുവിനും ടിഡിപിക്കും എതിരായ ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും സഖ്യമുണ്ടാക്കിയാൽ അത് ബാധ്യതയാകും എന്നുമാണ് സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. വൈഎസ്ആർ കോൺഗ്രസിന് ഇത് അനുകൂലമാകും. തെലങ്കാനയിൽ ടിഡിപി സഖ്യം എട്ടുനിലയിൽ പൊട്ടിയതും കോൺഗ്രസിന്‍റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഒറ്റക്ക് മത്സരിക്കുന്നത് സ്വാധീന മേഖലകളിൽ ഗുണം ചെയ്യുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. എന്നാൽ സീറ്റ് ചർച്ചകളിലേക്ക് പോകുന്നതിനു മുമ്പേയുള്ള ഈ തീരുമാനം ഹൈകമാന്‍റിന്‍റെ ഇടപെടലിലൂടെ മാറാനും വിദൂര സാധ്യതയുണ്ട്.