
കാസര്‍കോട്: ടിക്കറ്റ് ക്ഷാമം രൂക്ഷമായതോടെ വടക്കന്‍ കേരളത്തിലെ കംപ്യൂട്ടര്‍വത്കരണം നടപ്പിലാകാത്ത ചെറുകിട റെയില്‍വേ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. സ്‌റ്റേഷനുകള്‍ അടച്ചു പൂട്ടാനുള്ള റെയില്‍വേയുടെ നീക്കമാണ് ടിക്കറ്റ് ക്ഷാമത്തിന് പിന്നിലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, പാപിനിശ്ശേരി, ധര്‍മ്മടം, ടെമ്പില്‍ ഗേറ്റ്, കാസര്‍കോട് ജില്ലയിലെ ചന്തേര, തുടങ്ങിയ സ്റ്റേഷനുകളിലാണ് ടിക്കറ്റ് വിതരണം നിലച്ചത്. ചിറക്കല്‍ സ്റ്റേഷനില്‍ ടിക്കറ്റ് നല്‍കാതായിട്ട് ഒരു മാസത്തിലേറെയായി. ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്.
ചെന്നൈ റായിപുരത്തെ പ്രിന്റിംഗ് കേന്ദ്രത്തില്‍ നിന്നുള്ള ടിക്കറ്റുകളുടെ വരവ് നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് റയില്‍വേ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. പക്ഷേ പ്രശ്‌നപരിഹാരത്തിന് എന്ത് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുന്നുമില്ല. സറ്റേഷനുകള്‍ കംപ്യൂട്ടര്‍വത്ക്കരിക്കാനുള്ള നടപടികള്‍ റെയില്‍വേ എടുക്കുന്നില്ല.
