അഹമ്മദ് നഗര്‍ ജില്ലയിലെ കരേഗാവിലുള്ള വീട്ടില്‍ നിന്ന് വൈകീട്ടോടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനായി സഹോദരിക്കൊപ്പം പുറത്തുപോയതായിരുന്നു പെണ്‍കുട്ടി. ഏറെ നേരത്തിന് ശേഷം തിരിച്ചുവന്ന കുട്ടി അവശയായി കിടപ്പിലാവുകയായിരുന്നു 

അഹമ്മദ്‌നഗര്‍: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ബലാത്സംഗത്തെ തുടര്‍ന്ന് അഞ്ചുവയസ്സുള്ള ദളിത് ബാലിക മരിച്ച സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നു. വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തുപോയ സമയത്താണ് ബാലികയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ്. 

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. അഹമ്മദ് നഗര്‍ ജില്ലയിലെ കരേഗാവിലുള്ള വീട്ടില്‍ നിന്ന് വൈകീട്ടോടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനായി സഹോദരിക്കൊപ്പം പുറത്തുപോയതായിരുന്നു പെണ്‍കുട്ടി. ഏറെ നേരത്തിന് ശേഷം തിരിച്ചുവന്ന കുട്ടി അവശയായി കിടപ്പിലാവുകയായിരുന്നു. 

അസുഖമാണെന്ന് തെറ്റിദ്ധരിച്ച വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചു. എന്നാല്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ട ഡോക്ടര്‍മാര്‍ ബലാത്സംഗം നടന്നതായി സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. വിശദമായ പരിശോധനയില്‍ കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്തു. 

സംഭവം ദളിത് സംഘടനകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് അഹമ്മദ്‌നഗറിലെ വിവിധയിടങ്ങളില്‍ ഇവര്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്റെ മറുപടി.