ദില്ലി: ജോലി ​സമയത്ത്​ ഒാപ്പറേഷനൽ ജീവനക്കാർ മെസേജിങ്​ ആപുകൾ ഉപയോഗിക്കുന്നത്​ വിലക്കി റെയിൽവെ സർക്കുലർ. എൻജിൻ ​ഡ്രൈവർമാർ, ഗാർഡുകൾ, ടി.ടി.ഇമാർ തുടങ്ങിയ ജീവനക്കാർക്കാണ്​ നിർദേശം. യാത്രക്കാരുടെ സു​രക്ഷ ഉറപ്പുവരുത്തുന്നതി​ന്‍റെ ഭാഗമായാണ്​ നിർദേശം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ചെ​യ്യേണ്ടതും പാടില്ലാത്തതുമായ കാര്യങ്ങളാണ്​ റെയിൽവെ സർക്കുലറിൽ വ്യക്​തമാക്കിയത്​. ഇതിലാണ്​ വാട്ട്സ്ആപ്പ് ഉൾ​പ്പെടെയുള്ള മെസേജിങ്​ ആപുകൾ ഡ്യൂട്ടിക്കിടെ ഉപയോഗിക്കുന്നത്​ കർശനമായി വിലക്കിയത്​. 

മെസേജിങ്​ ആപുകൾ ഉപയോഗിക്കുന്നത്​ ട്രെയിൻ ഒാപ്പ​റേഷൻ സമയത്ത്​ ശ്രദ്ധതെറ്റിക്കുന്നതാണെന്ന്​ റെയിൽവെ അധികൃതർ കണ്ടെത്തിയിരുന്നു. ദില്ലി ഡിവിഷനിലെ ജീവനക്കാർക്ക്​ വേണ്ടിയാണ്​ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്​. സ്​റ്റേഷൻ മാ​നേജർമാർ ഉൾപ്പെടെയുള്ളവർക്ക്​ ഇത്​ ബാധകമാണ്​. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ​സുരക്ഷ മുൻ നിർത്തി മുഴുവൻ ഡിവിഷനുകളിലും സർക്കുലർ പുറപ്പെടുവിക്കുമെന്ന്​ അധികൃതര്‍ അറിയിച്ചു. സുരക്ഷാ വിഭാഗത്തിലെത്​ ഉൾപ്പെടെ ഒ​ട്ടേറെ ഒാപ്പറേഷനൽ സ്​റ്റാഫ്​ ജോലി സമയത്ത്​ വാട്ട്സ്ആപ്പിലും യൂട്യൂബിലും മുഴുകുന്നതായി കണ്ടെത്തിയിരുന്നു. ഇത്​ റെയിൽവെ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നു.

ആപും വി​നോദോപാധികളും ജോലി സമയത്ത്​ ഉപയോഗിക്കരുതെന്നും ഇത്​ കാര്യക്ഷമതയെയും ജാ​ഗ്രതയെയും ബാധിക്കുമെന്നും റെയിൽ അധികൃതർ പറഞ്ഞു. സമീപകാലത്ത്​ നടന്ന റെയിൽ അപകട പരമ്പരകളിൽ 300ഒാളം പേർ മരിക്കാനിടയായ സാഹചര്യം കൂടി പരിഗണിച്ചാണ്‌നിർദേശം. അറ്റകുറ്റപ്പണികളുടെ ​ചുമതലയുള്ള ജീവനക്കാർക്കും പു​തിയ നിർദേശം ബാധകമാകും. ​ട്രാക്ക്​മെൻ, ഗാങ്​​ മെൻ, റെയിൽവെ ക്രോസിങിലെ ഗാർഡുമാർ, ​ലോക്കോ പൈലറ്റുമാർ, ട്രെയിൻ ഗാർഡുമാർ തുടങ്ങിയവർക്കെല്ലാം ഇത്​ ബാധകമാണ്​.