തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ വനിത പൊലീസിനെ സന്നിധാനത്ത് വിന്യസിക്കേണ്ടതില്ലെന്ന്  ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. സന്നിധാനത്ത് സാധാരണ രീതിയിലുള്ള ക്രമീകരണങ്ങൾ മാത്രം മതി. പമ്പയിൽ കൂടുതല്‍ വനിത പൊലീസുകാരെ വിന്യസിക്കും. 

തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ വനിത പൊലീസിനെ സന്നിധാനത്ത് വിന്യസിക്കേണ്ടതില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. സന്നിധാനത്ത് സാധാരണ രീതിയിലുള്ള ക്രമീകരണങ്ങൾ മാത്രം മതി. പമ്പയിൽ കൂടുതല്‍ വനിത പൊലീസുകാരെ വിന്യസിക്കും. 

സ്ത്രീകളെത്തി തിരക്കു കൂടുകയാണെങ്കിൽ മാത്രമേ നിലവിലുള്ള ക്രമീകരണത്തിൽ മാറ്റം വരുത്താനും വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയമിക്കാനും നടപടിയെടുക്കുകയുള്ളൂ എന്നും ഉന്നത പൊലിസ് വൃത്തങ്ങളുടെ യോഗം തീരുമാനിച്ചു. ദേവസ്വം ബോര്‍ഡുമായി നാളെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനമെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ശബരിമലയില്‍ ആവശ്യത്തിന് വനിതാ പൊലീസുകാരെ നിയമിക്കുമെന്ന് സര്‍ക്കാര‍് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു തന്നെയായിരുന്നു പൊലീസ് ഡിജിപിയടക്കമുള്ളവരുടെയും നിലപാട്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നതിന്‍റെ സൂചനകളാണ് പുറത്തുവരുന്നത്.

നേരത്തെ ശബരിമലയില്‍ സ്ത്രീ പ്രവേശന നടപടികളുമായി ദേവസ്വം ബോർഡ്‌ മുന്നോട്ട് പോയിരുന്നു. വനിതാ ജീവനക്കാരെ നിയമിക്കണമെന്ന സര്‍ക്കുലറടക്കം ദേവസ്വം ബോര്‍ഡ് പുറത്തിറക്കുകയും ചെയ്തു. മണ്ഡല- മകരവിളക്ക് കാലത്ത് വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് ദേവസ്വം കമ്മീഷണറാണ് സര്‍ക്കുലര്‍ ഇറക്കിയത്. 

അതേസമയം, മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. റിവ്യൂ ഹർജിയിൽ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്‍റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ് ഠര്മോഹനര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. 

എന്നാല്‍ തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു‍. ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, വിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നത് എന്തിനെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സമവായത്തിനുളള സാധ്യത ആദ്യം തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കി. മുന്‍ഗണന പുന:പരിശോധനാ ഹര്‍ജിക്കെന്നും പന്തളം രാജകുടുംബം അറിയിച്ചു.