അന്‍വറിന്‍റെ പാര്‍ക്കിനെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി അൻവറിനെ സംരക്ഷിക്കുന്ന നിലപാട് ആവര്‍ത്തിച്ച് സർക്കാർ
തിരുവനന്തപുരം: ഉരുൾ പൊട്ടലിനു വരെ കാരണമായ പി വി അൻവറിന്റെ വാട്ടർ തീം പാർക്കിനെ കുറിച്ച് നിയമസഭയിൽ മിണ്ടാതെ മുഖ്യമന്ത്രി. ചട്ടം ലംഘിക്കുന്ന അൻവറിനെ സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കട്ടിപ്പാറയിൽ ഉരുൾ പൊട്ടിയ സ്ഥലത്തിന് സമീപത്തെ തടയിണയെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കക്കാടം പൊയിലിൽ പി വി അൻവർ എംഎല്എയുടെ വാട്ടർ തീം പാർക്കിലെ ചട്ട ലംഘനങ്ങൾ പുറത്തു കൊണ്ട് വന്നത് ഏഷ്യാനെറ് ന്യൂസാണ്. അൻവറിനെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ ഇന്ന് നിയമസഭയിലും ആവർത്തിക്കുകയായിരുന്നു. കട്ടിപ്പാറയിലെ ഉരുൾ പൊട്ടലിനൊപ്പമാണ് പ്രതിപക്ഷം അൻവറിന്റെ വാട്ടർ തീം പാർക്കിന്റെ സമീപത്തെ ഉരുൾ പൊട്ടലും ഉന്നയിച്ചത്.
സഭക്ക് അകത്തും അൻവറിന്റെ പേര് പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ മറുപടി കട്ടിപ്പാറയിലെ തടയിണയെ പറ്റി മാത്രമായിരുന്നു. ദുരന്തം തടയുന്നതിൽ റവന്യൂ മന്ത്രി പൂർണ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ദുരന്തനിവാരണസേന എത്താൻ വൈകിയില്ലെന്നും വീഴ്ച ഉണ്ടായില്ലെന്നും ചെയ്യാവുന്നയതെല്ലാം ചെയ്തെന്നും മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പറഞ്ഞു. അടിയന്തിര പ്രമേയം ചർച്ച ചെയ്യാത്തതില് പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങി പോയി.
