ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും വീടുകളിലേക്ക് തിരിച്ചെത്തുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിങ്, എനര്‍ജി മീറ്റര്‍, ഇഎല്‍സിബി, എംസിബി, സ്വിച്ചുകള്‍, പ്ലഗ്ഗുകള്‍ തുടങ്ങിയവയിൽ വെള്ളവും ചെളിയും കയറിയിട്ടുണ്ടാകും. ഇത്തരത്തിൽ വെള്ളവും ചെളിയും കയറിയവയിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുമ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്നാരോപിച്ച് സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച വിമുക്ത ഭടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പത്തനംതിട്ട കോഴിപ്പുറം സ്വദേശി ഉണ്ണി നായര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഉണ്ണി നായരാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് സൈബര്‍ പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ഇയാളിപ്പോള്‍ ഡിഫൻസ് സെക്യൂരിറ്റി ക്രോപ്സിലെ ജീവനക്കാരനായി രാമേശ്വരത്ത് ജോലി ചെയ്ത് വരികയാണ്. ഇയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ആള്‍മാറാട്ടമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച രാത്രിയോടെയാണ് വീഡിയോ പുറത്തുവന്നത്. വൈകാതെ തന്നെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസ ശ്രമങ്ങള്‍ കാര്യക്ഷമമായി നടത്താനാവുന്ന സൈന്യത്തെ വിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നില്ലെന്നും അത് സര്‍ക്കാരിന് ലഭിക്കേണ്ട യശസ്സ് സൈന്യം കൊണ്ടുപോകുമെന്ന ഭയത്താലാണെന്നുമായിരുന്നു 2.35 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഉള്ളടക്കം. വളരെ വിഷമത്തോടുകൂടിയാണ് താന്‍ ഇവിടെ നില്‍ക്കുന്നത്, തന്റെയടക്കം കുടുംബം പ്രളയദുരിതത്തില്‍ പെട്ടിരിക്കുകയാണ്, സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ഇതുവരെ അവിടെ എത്തിയിട്ടില്ല, ആര്‍മി വന്നതുകൊണ്ട് നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല- തുടങ്ങിയ ആരോപണങ്ങളായിരുന്നു ഇയാള്‍ വീഡിയോയിലൂടെ ഉന്നയിച്ചിരുന്നത്.
തുടര്‍ന്നാണ് ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായത്. സൈനികവേഷത്തിലായതിനാല്‍ സൈനികനാണോ എന്നതായിരുന്നു ആദ്യം അന്വേഷിച്ചത്. എന്നാല്‍ സൈനികനല്ലെന്നായിരുന്നു കരസേന അറിയിച്ചിരുന്നത്. അതേസമയം ഇത്തരം ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും കരസേന നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിമുക്ത ഭടനാണെന്ന് സ്ഥിരീകരിച്ചത്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ വഴിയായിരുന്നു വീഡിയോ കൂടുതലും പ്രചരിച്ചത്.
