സൈബര്‍ ആക്രമണം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് നൂറുദ്ദീനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്

കൊച്ചി: മത്സ്യവില്‍പന നടത്തി ജീവിക്കുന്ന വിദ്യാര്‍ത്ഥി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നൂറുദ്ദീന്‍ ഷെയ്ഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. വയനാട് സ്വദേശിയാണ് നൂറുദ്ദീന്‍. കൂടുതല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ ആക്രമണം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് നൂറുദ്ദീനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. നൂറുദ്ദീനൊപ്പം മറ്റ് പലര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഹനാന് പിന്തുണ അറിയിച്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പൊലീസ് നടപടി.

കൊച്ചിയില്‍ മീന്‍വില്പന നടത്തിയിരുന്ന തൃശൂര്‍ സ്വദേശിയായേ ഹനാനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കോളേജ് വിദ്യാര്‍ത്ഥിയായ ഹനാന്‍ മീന്‍വില്പനക്കിറങ്ങിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹനാന്റെ ജീവിത പശ്ചാത്തലത്തെ ബന്ധിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടന്നത്.