ദില്ലി: ഉത്തരേന്ത്യയില്‍ നാലു സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം ആയിരത്തോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ബിഹാറില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ഒമ്പതു പേരെ കാണാതായി.

ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ടാഴ്ച്ചയായി തുടരുന്ന കനത്ത മഴയ്ക്കു കുറവില്ല. ഉത്തര്‍പ്രദേശിലാണ് മഴ കൂടുതല്‍. വാരണാസിയിലെ 200ഉം ഗാസിപൂരിലെ 230ഉം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഗംഗയും യമുനയും കരകവിഞ്ഞ് ഒഴുകുകയാണ്. പതിനായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

കനത്തമഴയില്‍ ഗംഗ, മണികര്‍ണിക, ഹരിശ്ചന്ദ്ര എന്നിവിടങ്ങളിലെ ശ്മശാനങ്ങളില്‍ വെള്ളം കയറി. ശവസംസ്‌കാരച്ചടങ്ങുകള്‍ മുടങ്ങി. ബീഹാറിലെ അഞ്ച് ജില്ലകളില്‍ മഴ നാശം വിതച്ചു. ഔറംഗബാദില്‍ രണ്ട് സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ 18പേരുമായി പോയ കടത്തുവള്ളം മുങ്ങി ഒരാള്‍ മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തി. ഒമ്പതു പേരെ കാണാതായി.

രാജസ്ഥാനിലെ തെക്ക് കിഴക്കന്‍ ജില്ലകളിലാണു കനത്ത മഴ നാശം വിതച്ചിരിക്കുന്നത്. പാലങ്ങളും റോഡും വെള്ളത്തിനടിയിലായതിനാല്‍ ജനജീവിതം ദുസ്സഹമായി. സ്ഥിതിഗതികള്‍ നേരിടാന്‍ സംസ്ഥാനങ്ങളുമായി യോജിച്ച് സാഹചര്യങ്ങളെ നേരിടാന്‍ പ്രധാനമന്ത്രി ക്യാബിനെറ്റ് സെക്രട്ടറിക്കും ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദേശം നല്‍കി.