ഉത്തരേന്ത്യയിൽ അതി ശൈത്യം തുടരുകയാണ്. മൂടൽ മഞ്ഞ് കാരണം ദില്ലിയിലുണ്ടായ വാഹനാപകടത്തിൽ ലോകചാംപ്യൻ സക്ഷാം യാദവ് ഉൾപ്പെടെ 5 പവർലിഫ്റ്റിംഗ് താരങ്ങൾക്ക് ദാരുണാന്ത്യം. അതിശൈത്യത്തിൽ  ഇതുവരെ  എഴുപത്തിയൊന്ന് പേരാണ് മരിച്ചത്.

മോസ്‍കോ  ലോക ചാംപ്യൻഷിപ്പിൽ വിജയിയായ സക്ഷാം യാദവ്  വൈകിട്ട് മരണത്തിന് കീഴടങ്ങി. ദില്ലി ഛണ്ഡീഗഡ് ദേശീയപാതയിൽ പുലര്‍ച്ചെ നാല് മണിക്കായിരുന്നു ജീവനെടുത്ത അപകടം. ഹരീഷ്, തികാംചന്ദ്, സൗരഭ്, യോഗേഷ് ,എന്നിവരാണ് മരിച്ച മറ്റു നാലു പേർ, ഒരു ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. അമിത വേഗതയിലായിരുന്നു കാറെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ദില്ലിയിൽ താപനില നാല് ഡിഗ്രി സെൽഷ്യസിലേക്ക് താണു. നാളെ  മൂടൽ മഞ്ഞ് കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.. വായു മലിനീകരണത്തിന്റെതോത് വീണ്ടും ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. യുപിയിൽ ഇന്നലെ അതിശൈത്യം കാരണം നാല് പേർ കൂടി മരിച്ചു.  എറ്റവും കൂടുതൽ  തണുപ്പ് സുൽത്താൻ പൂരിലാണ്. രണ്ടു ഡിഗ്രി സെൽഷ്യസ്. ലഖ്നൗവിൽ മൂന്ന് ഡിഗ്രി സെൽഷ്യസാണ് താപനില. രാജസ്ഥാനിലും കനത്ത ശൈത്യം തുടരുകയാണ്. ജമ്മു കശ്മീരിലെ താപനില  കഴിഞ്ഞ ദിവസം രാത്രി മൈനസ് പതിനേഴിലേക്ക് താണു. മഞ്ഞു വീഴ്‍ചയും തുടരുകയാണ്. കനത്ത തണുപ്പും മൂടൽ മഞ്ഞു കാരണം മുപ്പത്തി ഒൻപത് ട്രെയിനുകൾ റദ്ദാക്കി. പതിനാറ് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. അന്പതു വണ്ടികൾ വൈകി ഓടുകയാണ്. വ്യോമഗതാഗതത്തെയും മോശം കാലാവസ്ഥ ബാധിച്ചു. ചണ്ഡിഗഡ് എയർപ്പോർട്ടിൽ കനത്ത മൂടൽ മഞ്ഞ് കാരണം ദശ്യപരിധി അമ്പത് മീറ്ററിലേക്ക് താണതോടെ പതിനാറ് വിമാനങ്ങൾ വൈകി. ജനുവരി പത്താം തീയതി വരെ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.