സിയൂൾ: എതിർപ്പുകൾക്കും മുന്നറിയിപ്പുകൾക്കും പുല്ലുവില കൽപിച്ച് ഉത്തര കൊറിയ വീണ്ടും മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന് റിപ്പോർട്ട്. യുഎസ് സൈനികവൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇത് പരാജയമായിരുന്നുവെന്നും യുഎസ് സൈന്യം വ്യക്തമാക്കി. പരീക്ഷണം പരാജയമായിരുന്നുവെന്ന് ദക്ഷിണ കൊറിയയും ആരോപിച്ചു.
ഉത്തര കൊറിയ പരീക്ഷിച്ച മിസൈലിന്‍റെ പ്രധാന ഭാഗം പരീക്ഷണ സ്ഥലത്തു നിന്നും 35 കിലോമീറ്റർ അകലെ തകർന്നു വീഴുകയായിരുന്നുവെന്നാണ് മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
ഉത്തര കൊറിയയുമായുള്ള പ്രശ്നം സംഘർഷത്തിലെത്തിയേക്കുമെന്നും സൈനിക നടപടിയിൽ കലാശിച്ചേക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പരീക്ഷണം. ത്തര കൊറിയ നടത്തിയ മധ്യദൂര ബാലിസ്റ്റിക് മിസൈൽ കുതിച്ചുയർന്ന് ഏതാനും മിനുറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു.
മിസൈൽ ഉത്തര കൊറിയൻ അതിർത്തി കടന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് അധികൃതർ പറഞ്ഞു.
