പിയോംഗ്‌യാംഗ്: ഉത്തരകൊറിയയുടെ മധ്യദൂര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി ദക്ഷിണകൊറിയ. ഉത്തരകൊറിയയുടെ പുതിയ മുസുദാന്‍ മിസൈലിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ഈ മാസം ആദ്യം മുസുദാന്‍ മിസൈല്‍ പരീക്ഷിച്ചിരുന്നു. 

വ്യാഴാഴ്ച പുലര്‍ച്ചെ കിഴക്കന്‍ തീരപ്രദേശ നഗരമായ വോന്‍സാനിലായിരുന്നു വിക്ഷേപണം നടന്നത്. മിസൈല്‍ വിക്ഷേപിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണതായും യോനാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. യുഎസിന്റെ പര്യവേക്ഷണ ഉപഗ്രഹം ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. 

മുസുദാന്‍ മിസൈലിന്റെ ദൂര പരിധി 4,000 കിലോമീറ്ററാണ്. പസഫികിലെ യുഎസിന്റെ ഭൂപ്രദേശമാണ് മിസൈല്‍ ലക്ഷ്യംവയ്ക്കുന്നത്. മിസൈല്‍ തകര്‍ന്നതായ വാര്‍ത്തയ്ക്കു ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല.