സോള്‍: ദക്ഷിണകൊറിയക്ക് പിന്നാലെ അമേരിക്കയോടും ഉത്തര കൊറിയ നിലപാട് മയപ്പെടുത്തുന്നു. ഉത്തരകൊറിയന്‍ നേതാവ് കിം യോംഗ് നാം അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമൊത്ത് വേദി പങ്കിട്ടേക്കും. ദക്ഷിണകൊറിയയില്‍ നടക്കുന്ന മഞ്ഞുകാല ഒളിംപിംക്‌സിലാണ് ഇരുവരും വേദി പങ്കിടുകയെന്നാണ് സൂചന.
ദക്ഷിണകൊറിയയോട് നേരത്തെ നിലപാട് മയപ്പെടുത്തിയ ഉത്തരകൊറിയ ഉന്നത ഉദ്യോഗസ്ഥനെ തന്നെ മഞ്ഞുകാല ഒളിംപിക്‌സിന് അയക്കാന്‍ തീരുമാനിച്ചതാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്. വടക്കന്‍ കൊറിയന്‍ പാലര്‍ലമെന്റ് തവന്‍ കിം യോഗ് നാമാണ് ഇരുപത്തിരണ്ടംഗ പ്രതിനിധി സംഘത്തെ നയിച്ച് തെക്കന്‍ കൊറിയയിലെത്തുന്നത്.
അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഒളിംപിക്‌സിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് ദക്ഷിണകൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമൊത്ത് കിം യോംഗ് നാം വേദി പങ്കിട്ടേക്കുമെന്ന് തന്നെയാണ് സൂചന. അങ്ങിനെ സംഭവിച്ചാല്‍ വടക്കന്‍ കൊറിയയുടെ നിലപാട് മാറ്റത്തെ സംശയ ദൃഷ്ടിയോടെ നോക്കിക്കാണുന്ന അമേരിക്ക മാറിച്ചിന്തിക്കാന്‍ നിര്‍ബ്ബന്ധിതരാവും.
ഇതിനിടയില്‍ ഐസ് ഹോക്കിയില്‍ സംയുക്ത കൊറിയന്‍ വനിതാ ടീം സ്വീഡനോട് പരാജയപ്പെട്ടു. തോറ്റെങ്കിലും പുതു കുടക്കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കനായെന്നാണ് ഇരു കൊറിയകളുടേയും വിലയിരുത്തല്‍. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചുള്ള മാര്‍ച്ച് പാസ്റ്റില്‍ ഇരു രാജ്യങ്ങളിലേയും കായിക താരങ്ങള്‍ ഒരു കൊടിക്ക് കീഴില്‍ അണിനിരക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.>
