അപ്രതീക്ഷിത നീക്കവുമായി വീണ്ടും വടക്കൻ കൊറിയ തെക്കൻ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതലയോഗം വടക്കൻ കൊറിയ റദ്ദാക്കി

പൊങ്യങ്: അപ്രതീക്ഷിത നീക്കവുമായി വീണ്ടും വടക്കൻ കൊറിയ. തെക്കൻ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതലയോഗം വടക്കൻ കൊറിയ റദ്ദാക്കി. അമേരിക്കയുമായി തെക്കൻ കൊറിയ നടത്തിയ സംയുക്ത സൈനിക പരിശീലനത്തിൽ ക്ഷോഭിച്ചാണ് നടപടി.

ഏപ്രിലിൽ നടന്ന പാൻമുൻജോം ഉച്ചകോടിയിലുണ്ടായ സമാധാന നീക്കങ്ങൾക്ക് തിരിച്ചടി നൽകുന്നതായി വടക്കൻ കൊറിയയുടെ നടപടി. സംയുക്ത സൈനിക പരിശീലനം പ്രകോപനമാണെന്നും അധിനിവേശത്തിനുള്ള തയ്യാറെടുപ്പാണെന്നുംമാണ് കുറ്റപ്പെടുത്തൽ.ജൂണിൽ നടക്കാനിരിക്കുന്ന ട്രംപ് -കിം ജോങ് ഉൻ കൂടിക്കാഴ്ചയേയും ഈ സംയുക്ത പരിശീലനം ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. 

കഴിഞ്ഞ മാസം നടന്ന ഉച്ചകോടിയിൽഎഴുപത് വർഷമായി നിലനിന്നിരുന്ന യുദ്ധം അവസാനിപ്പിക്കാൻ ധാരണയായിരുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ ചർച്ചക്കാണ് ഇന്ന് യോഗം ചേരാൻ ഉദ്ദേശിച്ചിരുന്നത അതേസമയം കിം ട്രംപ് കൂടിക്കാഴ്ചക്കുള്ള നടപടികൾ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. കൊറിയയുടെ നിലപാടിൽ മാറ്റമുള്ളതായി അറിയില്ലെന്നും അമേരിക്ക അറിയിച്ചു.