ദില്ലി: ആധാര്‍ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് സൈബര്‍ ആക്ടിവിസ്റ്റ് എഡ്വേര്‍ഡ് സ്‌നോഡന്‍. ശിക്ഷയല്ല, അവാര്‍ഡാണ് പത്രപ്രവര്‍ത്തക അര്‍ഹിക്കുന്നതെന്ന് സ്‌നോഡന്‍ പ്രതികരിച്ചു.

ട്വിറ്ററിലൂടെയാണ് സ്‌നോഡന്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച് രംഗത്തുവന്നത്. ഈ വാര്‍ത്തയുടെ പേരില്‍ അന്വേഷണം നടത്തുന്നതിന് പകരം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല എന്ന വിവരം പുറത്തുകൊണ്ടുവന്നതിന് ജേര്‍ണലിസ്റ്റിന് അവാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്ന് സ്‌നോഡന്‍ പറയുന്നു. 'ആധാര്‍ വിവരം പുറത്തായത് തുറന്നുകാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ പുരസ്‌കാരമാണ് അര്‍ഹിക്കുന്നത്, അന്വേഷണമല്ല. നീതിയുടെ കാര്യത്തില്‍ സര്‍ക്കാറിന് ശരിക്കും ആശങ്കയുണ്ടെങ്കില്‍, ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വകാര്യത നശിപ്പിച്ച നയങ്ങളെയാണ് പരിഷ്‌കരിക്കേണ്ടത്. അതിന് ഉത്തരവാദികളായവരെയാണ് അറസ്റ്റു ചെയ്യേണ്ടത് അവരാണ് യു.ഐ.ഡി.എ.ഐ' എന്നായിരുന്നു സ്‌നോഡന്റെ ട്വീറ്റ്.

പൂര്‍ണ്ണ സുരക്ഷിതമെന്ന് അവകാശപ്പെട്ടിരുന്ന പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും ഓണ്‍ലൈന്‍ വഴി 500 രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നും 'ദി ട്രിബ്യൂണല്‍' റിപ്പോര്‍ട്ട ചെയ്തത്. കഴിഞ്ഞ നവംബറിലാണ് ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലെന്നും യാതൊരു വിധത്തിലുള്ള ചോര്‍ച്ചകളും സംഭവിക്കുന്നില്ലെന്നും സര്‍ക്കാര്‍ രാജ്യത്തോട് പറഞ്ഞത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച യു.ഐ.ഡി.എ.ഐ രചന ഖൈറ എന്ന മാധ്യമപ്രവര്‍ത്തകയ്ക്കും പത്രത്തിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമാര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. 

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. ആധാറിന്റെ സുരക്ഷ ശക്തമാക്കുന്നതിന് പകരം സുരക്ഷയില്ലെന്ന് കണ്ടെത്തുന്നവര്‍ക്കിതിരെ കേസെടുക്കുന്നത് പ്രതിഷേധാര്‍ഹമാണ് മാധ്യമ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ നേതാക്കളും ആരോപിച്ചിരുന്നു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്യുന്നതായും ദ ട്രിബ്യൂണ്‍ വ്യക്തമാക്കി. ഇപ്പോള്‍ പുറത്തുവന്നത് കുറച്ച് വിവരങ്ങള്‍ മാത്രമാണെന്നും ആധാര്‍ വിവരച്ചോര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ലേഖിക ഇന്ന് വ്യക്തമാക്കി.