Asianet News MalayalamAsianet News Malayalam

വീട്ടുജോലിക്കാരിയുടെ കൊലപാതകത്തിന് മരുമകളാണ് കാരണം; നിര്‍ണായക വെളിപ്പെടുത്തല്‍

not my son my daughter in law responsible for her murder
Author
First Published Feb 25, 2018, 11:13 AM IST

മനില: ഒരു വര്‍ഷത്തോളമായി അടഞ്ഞു കിടന്ന അപാര്‍ട്ട്മെന്റിലെ ഫ്രീസറില്‍ വീട്ടുജോലിക്കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായെന്ന് ഫിലിപ്പിന്‍സ് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ലബനന്‍ സ്വദേശിയായ പുരുഷനാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് വിവരം. ഇയാളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. യുവതിയുടെ സ്പോൺസറും ജോലി ചെയ്തിരുന്ന വീട്ടിലെ ഗൃഹനാഥനുമായിരുന്ന ലെബനീസ് പൗരൻ നാദിർ ഇഷാം അസാഫാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ഇയാളെയും ഭാര്യയേയും കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. 

2014ൽ ഒരു സിറിയൻ–ലെബനീസ് ദമ്പതികൾക്കൊപ്പമാണ് ജോന്ന കുവൈറ്റിലേക്ക് പോയത്. അതിനുശേഷം ഒരിക്കല്‍ പോലും അവള്‍ തിരികെ വന്നിട്ടില്ല. പിന്നീട്, കേൾക്കുന്നത് അവളുടെ മരണവാർത്തയാണെന്നും കുടുംബം പറഞ്ഞിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളമായി ഉപേക്ഷിക്കപ്പെട്ട് കിടന്ന കെട്ടിടത്തിലെ ഫ്രീസറില്‍ നിന്നുമാണ് ജോന്നയുടെ മൃതദേഹം ഫെബ്രുവരി ആറിന് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചും ദേഹമാസകലം മുറിവേറ്റ നിലയിലുമായിരുന്നു ജോന്നയുടെ മൃതദേഹം കണ്ടെത്തിയത്.

നാദിർ ഇഷാം അസാഫും ഭാര്യയും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുൻപ് വീട്ടുജോലിക്കാരിയായ ഫിലിപ്പീൻ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നത് കൊലപാതകത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. 

എന്നാല്‍ തന്റെ മകന്‍ നിരപരാധിയാണെന്ന് നാദിർ ഇഷാം അസാഫിന്റെ മാതാവ് നേരത്തെ പ്രതികരിച്ചിരുന്നു. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരി മരുമകൾ ആണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഒരിക്കൽ കുവൈത്ത് സന്ദർശിച്ചപ്പോൾ വീട്ടുജോലിക്കാരിയായ ഫിലിപ്പീൻ യുവതിയെ മരുമകൾ മർദിക്കുന്നത് കണ്ടിരുന്നുവെന്നും ഇവര്‍ പ്രതികരിച്ചിരുന്നു. യുവതിയുടെ മുടി വലിക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്തിരുന്നു. ജോലിക്കാരിയുടെ പ്രവർത്തിയിൽ തൃപ്തിയില്ലെങ്കിൽ അവരെ തിരികെ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഏൽപ്പിക്കാൻ മരുമകളോട് പറഞ്ഞിരുന്നുവെന്നും അവർ അത് ചെവിക്കൊണ്ടില്ലെന്നും അസാഫിന്റെ മാതാവ് വെളിപ്പെടുത്തിയതായി മാധ്യമങ്ങളില്‍ റിപ്പോർട്ട് വന്നിരുന്നു.

കുവൈത്തിൽ ഫിലിപ്പീൻ ജോലിക്കാർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്തയാണ് ജോന്നയുടെ മരണം. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ജീവനൊടുക്കിയതായി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുതെർത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിർത്തിവച്ചിരുന്നു.

Follow Us:
Download App:
  • android
  • ios