'377ാം വകുപ്പ് ഏകപക്ഷീയവും വസ്തുനിഷ്ഠമല്ലാത്തതുമായിരുന്നു. മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങളെല്ലാം എല്‍ജിബിടി സമുദായത്തിനും ഉണ്ട്. ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും സദാചാരത്തിനും അനുസരിച്ച് ഭരണഘടനാപരമായ അവകാശങ്ങള്‍ വ്യാഖ്യാനിക്കാനാകില്ല'
ദില്ലി: ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച സുപ്രീംകോടതി ശ്രദ്ധേയമായ പരാമര്‍ശങ്ങളാണ് വിധിയില്‍ നടത്തിയിട്ടുള്ളത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം കൊടുത്ത അഞ്ചംഗ ഭരണഘടനാബെഞ്ചാണ് ചരിത്രവിധി പ്രസ്താവിച്ചത്.
സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കാനുള്ള തീരുമാനം യുക്തിരഹിതവും, നീതീകരിക്കാനാകാത്തതും ആണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി വായിക്കവേ പ്രസ്താവിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പരസ്യമായ ബോധവത്കരണത്തിന് മുതിരണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു. പീഡനങ്ങളേറ്റുവാങ്ങിയ എല്‍.ജി.ബി.ടി സമുദായത്തോട് ചരിത്രം മാപ്പ് ചോദിക്കുകയാണെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയുടെ ശ്രദ്ധേയമായ അഞ്ച് പരാമര്‍ശങ്ങള്‍...
1. 377ാം വകുപ്പ് എല്‍ജിബിടി സമുദായത്തെ പീഡിപ്പിച്ച് മാറ്റിനിര്‍ത്താനുപയോഗിക്കുന്ന ഒരു ആയുധമായിരുന്നു
2. 377ാം വകുപ്പ് ഏകപക്ഷീയവും വസ്തുനിഷ്ഠമല്ലാത്തതുമായിരുന്നു. മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങളെല്ലാം എല്‍ജിബിടി സമുദായത്തിനും ഉണ്ട്. ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും സദാചാരത്തിനും അനുസരിച്ച് ഭരണഘടനാപരമായ അവകാശങ്ങള്‍ വ്യാഖ്യാനിക്കാനാകില്ല.
3. ഒരാള്‍ക്കും സ്വന്തം സ്വത്വത്തില്‍ നിന്ന് ഒളിച്ചോടല്‍ സാധ്യമല്ല. ഇപ്പോള്‍ സമൂഹം ഇതെല്ലാം അംഗീകരിച്ചുതുടങ്ങുന്ന കാലമാണ്. സ്വവര്‍ഗ ലൈംഗികതയുടെ കാര്യത്തിലാണെങ്കില്‍, വ്യക്തികളുടെ സ്വത്വത്തിന്റെ വിവിധ വശങ്ങളാണ് പരിഗണിച്ചത്.
4. ഒരു വ്യക്തിക്ക് അയാളുടെ മേല്‍ തന്നെയുള്ള അധികാരം വളരെ പ്രധാനമാണ്. ആ അധികാരം മറ്റൊരാളെ ഏല്‍പിക്കേണ്ട കാര്യമില്ല.
5. സ്വവര്‍ഗാനുരാഗം ഒരു മാനസിക രോഗമല്ല.
