ദില്ലി: നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും നിരോധിച്ച നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലെന്ന റിസര്‍വ് ബാങ്കിന്റെ വിശദീകരണം. പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് റിസര്‍വ് ബാങ്കിന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ സംപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പിന്‍വലിച്ച 500 രൂപയുടെ 1.134 കോടി നോട്ടുകളും 1000 രൂപയുടെ 524.90 കോടി നോട്ടുകളും പരിശോധിച്ചു. ഇവയുടെ മൂല്യം 5.67ലക്ഷം, 5.24 ലക്ഷം വരുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. സൂക്ഷ്മമായ പരിശോധനയാണ് നടക്കുന്നത്. എല്ലാ യന്ത്രങ്ങളു ഉപയോഗിച്ച് രണ്ട് ഷിഫ്റ്റുകളിലായി പരിശോധന നടക്കുകയാണ്. 66 യന്ത്രങ്ങള്‍ ഇതിനായി ഉപയോഗിച്ച് വരുന്നുണ്ട്. സമഗ്രമായ പരിശോധനയായതിനാലാണ് സമയം വൈകുന്നതെന്നും ആര്‍.ബി.ഐ അറിയിച്ചു.

2016 നവംബര്‍ എട്ടിനാണ് 500,100 നോട്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. എന്നാല്‍ ബാങ്കുകള്‍ വഴി തിരിച്ചെത്തിയ ഈ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്നാണ് ആര്‍ബിഐ പറയുന്നത്. കള്ളപ്പണത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നറിയപ്പെടുകയും വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നീക്കമായിരുന്നു ഇത്.