ദില്ലി: രാജ്യത്തിന്റെ ശോഭനഭാവിക്കായി എന്തുവിലകൊടുത്തും കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് പിന്‍വലിച്ച് അമ്പത് ദിവസം കഴിയുമ്പോള്‍ സത്യസന്ധരുടെ ബുദ്ധിമുട്ടുകള്‍ കുറയാന്‍ തുടങ്ങും. എന്നാല്‍ അമ്പത് ദിവസത്തിന് ശേഷം അഴിമതിക്കാരുടെ ബുദ്ധിമുട്ട് കൂടാന്‍ പോവുകയാണെന്നും മോദി ഓര്‍മ്മിപ്പിച്ചു. വരുന്ന ദിവസങ്ങളിലെ പ്രയാസങ്ങള്‍ സഹിച്ചും ജനങ്ങള്‍ തന്റെ കൂടെനിക്കുമെന്ന് ബോധ്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാങ്കുജീവനക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കള്ളപ്പണക്കാരും അഴിമതിക്കാരായ ബാങ്കുജീവനക്കാരും കുടങ്ങുന്നതാണ് നമ്മള്‍ കണ്ടത്. കള്ളപ്പണത്തിനെതിരായ പോരാട്ടം ജയിക്കുന്നതുവരെ സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നും മോദി മുംബൈയില്‍ ആവര്‍ത്തിച്ചു.