നോട്ട് പ്രതിസന്ധിയില്‍ മില്‍മപാലിന്‍റെ വിപണിയില്‍ വന്‍ ഇടിവ്. നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമുള്ള 10 ദിവസത്തില്‍ അഞ്ച് ലക്ഷം ലിറ്റര്‍ പാലാണ് ബാക്കിയായത്. മിച്ചം വന്ന പാല്‍ പൊടിയാക്കി മാറ്റിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണി സാധ്യത കുറവാണെന്ന് മില്‍മ അധികൃതര്‍ വ്യക്തമാക്കുന്നു.

പഴയ നോട്ടുകള്‍ എടുക്കാതായതോടെ ഗ്രാമപ്രദേശങ്ങളിലടക്കം പാല്‍ വില്‍പന കുറഞ്ഞു. പ്രതിസന്ധിക്ക് മുന്‍പുള്ള ദിവസങ്ങളേക്കാള്‍ ശരാശരി അന്‍പതിനായിരത്തോളം ലിറ്റര്‍ കൂടുതല്‍ പാല്‍ ഓരോ ദിവസവും ഇതുമൂലം മില്‍മയ്‍ക്കു ശേഖരിക്കേണ്ടി വന്നു. അധികം ശേഖരിച്ച പാല്‍ പക്ഷേ വിപണയില്‍ മില്‍മയെ തുണച്ചില്ല. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി അഞ്ച് ലക്ഷം ലിറ്റര്‍ പാലാണ് ബാക്കിവന്നത്. വില്‍പനയില്‍ ഒരു കോടിയില്‍പരം രൂപയുടെ കുറവാണ് ഇത് മൂലം സംഭവിച്ചത്. ബാക്കി വന്ന പാലില്‍ രണ്ട് ലക്ഷം ലിറ്ററ്‍ പാല്‍പൊടിയാക്കി മാറ്റി സംഭരിച്ചെങ്കിലും വിപണി സാധ്യത കുറവാണെന്ന് മില്‍മ അധികൃതര്‍ പറയുന്നു.

അധികം പാല്‍ സംഭരിക്കുന്നതിനാല്‍ നടക്കുന്നതിനാല്‍ തമിഴ്നാട് കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ വാങ്ങുന്നത് മില്‍മ നിര്‍ത്തി വച്ചിരിക്കുകയാണ്. പുതിയ നോട്ടുകള്‍ എത്തി തുടങ്ങിയിട്ടും കച്ചവട കാര്യത്തില്‍ പുരോഗതി ഇല്ലെന്നാണ് മില്‍മയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് മില്‍മ അനുബന്ധ ഉല്‍പന്നങ്ങളുടെ വില്‍പനയിലും കുറവ് വന്നിട്ടുണ്ട്. പേഡ, ഐസ്ക്രീം, തൈര് തുടങ്ങിയ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ 60 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്.