അശുതോഷിന്‍റെ രാജിക്ക് പിന്നാലെ ആം ആദ്മി നേതാവ് ആശിഷ് ഖേതനും. പാർട്ടി വിടുന്നുവെന്ന സൂചന നൽകി ആശിഷ്. നിയമപരിശീലനത്തിന് കൂടുതൽ ശ്രദ്ധ നൽകുമെന്ന് ആശിഷ് ട്വിറ്ററില്‍ കുറിച്ചു.

ദില്ലി: പാർട്ടി വിടുന്നുവെന്ന സൂചന നൽകി ആം ആദ്മി നേതാവ് ആശിഷ് ഖേതന്‍. നിയമപരിശീലനത്തിന് കൂടുതൽ ശ്രദ്ധ നൽകുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അശുതോഷിന്‍റെ പുറത്തുപോകലിന് പിന്നാലെയാണ് പാര്‍ട്ടി വിടുന്നുവെന്ന സൂചന നല്‍കികൊണ്ടുള്ള ആശിഷിന്‍റെ പോസ്റ്റ്. ഓഗസ്റ്റ് 15ന് ആശിഷ് ഖേതന്‍ അരവിന്ദ് കെജ്‌രിവാളിന് രാജിക്കത്ത്‌ സമര്‍പ്പിച്ചതായി പി.ടി.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജി വാര്‍ത്തകളെ ഖേതന്‍ നിഷേധിക്കുന്നില്ല. പത്രപ്രവര്‍ത്തകനായ ആശിഷ് ഖേതന്‍ 2004 ലാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും ബിജെപിയുടെ മീനാക്ഷി ലേഖിയോട് തോറ്റു. ഡല്‍ഹി സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഉപദേശക സമിതിയായ ഡല്‍ഹി ഡൈലോഗ് ഡെവലപ്‌മെന്റ് കമ്മീഷന്‍റെ വൈസ് ചെയര്‍മാനായി അദ്ദേഹം പിന്നീട് നിയമിക്കപ്പെട്ടു. 2014 ല്‍ മത്സരിച്ച് തോറ്റ സീറ്റില്‍ 2019 ല്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടി നിരാകരിച്ചിരുന്നു. നേരത്തെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അശുതോഷ് രാജിവെച്ചിരുന്നു. എന്നാൽ കെജ്‌രിവാള്‍ രാജി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കിലും പാര്‍ട്ടിക്ക് പുറത്തേക്ക് പോകാനുള്ള തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയായിരുന്നു. 

കഴിഞ്ഞാഴ്ച്ചാണ് പാർട്ടി സ്ഥാപകരിലൊരാളും മുതിർന്ന നേതാവുമായ അശുതോഷ് എഎപി വിട്ടത്. ആംആദ്മി പാർട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പാർട്ടി സ്ഥാപകരിലൊരാളും മുതിർന്ന നേതാവുമായ അശുതോഷ് പാർട്ടി വിടുകയായിരുന്നു. ‘തീർത്തും വ്യക്തിപര’മായ കാരണങ്ങളുടെ പേരിലെന്ന വിശദീകരണത്തോടെയാണ് പാർട്ടി വക്താവു കൂടിയായിരുന്ന അശുതോഷ് രാജിവച്ചത്.

 പാർട്ടിയുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലല്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എല്ലാ യാത്രയ്ക്കും ഒരവസാനമുണ്ട്. ആംആദ്മിയോടൊപ്പമുള്ള തന്റെ മനോഹരവും വിപ്ലവകരവുമായ സഹകരണത്തിനും അവസാനമായിരിക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയാണ്, രാജി സ്വീകരിക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് താൻ രാജിവയ്ക്കുന്നതെന്ന് അശുതോഷ് ട്വീറ്ററിൽ കുറിച്ചിരുന്നു.