മുംബൈ: മുംബൈയിൽ ലൈംഗികത്തൊഴിലാളികൾ തിങ്ങിപാർക്കുന്ന കാമാത്തിപുരയെ റിയൽ എസ്റ്റേറ്റ് മാഫിയ വിഴുങ്ങുന്നു. കെട്ടിടങ്ങൾ റിയൽ എസ്റ്റേറ്റ് മാഫിയ ഏറ്റെടുത്താൽ പതിയ്യായിരത്തോളം വരുന്ന ലൈംഗിക തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് വഴിയാധാരമാവുക. കാമാത്തിപുരയുടെ മുഖംമിനുക്കാനെന്നപേരിൽ വരുന്ന പദ്ധതിക്ക് സർക്കാരും കുടപിടിക്കുകയാണ്. ഈ കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കും എന്ന ചോദ്യത്തിന് ആരുടെ കൈയിലും ഉത്തരമില്ല. ഏഷ്യാനെറ്റ് ന്യൂസ് മുംബൈ കാമാത്തിപുരയിൽ പോയി നടത്തിയ അന്വേഷണത്തിലേക്ക്.

മുംബൈയുടെ കറുത്ത പൊട്ടായ കാമാത്തിപുരയിലേക്ക് ആരും സ്വന്തം ഇഷ്ടപ്രകാരം എത്തിയതല്ല തട്ടിക്കൊണ്ടുവന്നും ജോലിക്കായെന്ന് പറഞ്ഞ് പറ്റിച്ചുമാണ് പലരെയും കാമാത്തിപുരയിലേക്ക് എത്തിച്ചത്.  ഒന്നര നൂറ്റാണ്ട് കാലമായി കാമാത്തിപുരയിൽ വേശ്യാവൃത്തി നടക്കുന്നുണ്ട്. ഇന്ത്യയ്ക്കകത്തുനിന്നും നേപ്പാൾ ശ്രീലങ്ക പോലുള്ള രാജ്യങ്ങളിൽനിന്നും ഒരോ മാസവും പുതിയ പുതിയ ആളുകൾ ഇവിടെക്ക് എത്തിപ്പെടുന്നു. നേരത്തെ അൻപതിനായിരത്തിലധികം പേരുണ്ടായിരുന്നു, എയ്ഡ്സ് പോലുള്ള രോഗങ്ങൾ വ്യാപകമായതോടെ ആളുകളെത്തുന്നത് കുറഞ്ഞു. ഇന്ന് പതിനയ്യായിരത്തോളം സ്ത്രീകൾ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നുണ്ടിവിടെ.

രാത്രിയാണ് കാമാത്തിപുര ഉണരുന്നത്. 39 ഏക്കർ സ്ഥലത്ത് എഴുന്നൂറോളം കെട്ടിടങ്ങൾ. അഞ്ഞൂറിലധികം വേശ്യാലയങ്ങൾ. ഓരോയിടത്തും പത്തും മുപ്പതും സ്ത്രീകൾ വരുന്ന സംഘങ്ങളുണ്ടാകും. പലവിലയ്ക്ക് ശരീരങ്ങൾ പ്രദർശനത്തിനുവെച്ച വലിയ കമ്പോളം. മാംസക്കച്ചവടത്തിന്റെ ഇടനിലക്കാർ. ഇത്തിൾ കണ്ണികളായ രാഷ്ട്രീയനേതാക്കൾ. മാസപ്പടി പറ്റുന്ന പൊലീസുകാർ ഇങ്ങനെ കാമാത്തിപുരകൊണ്ട് പോക്കറ്റ് നിറയ്ക്കുന്നവർ നിരവധിയാണ്.

സമൂഹത്തോട് വെറുപ്പ് കാട്ടിയും ആളുകളെ ശകാരിച്ചും തങ്ങളുടെ ദുർവിധിയെ പഴിച്ചും ഇവർ ഇടുങ്ങിയ ഇരുട്ടുനിറഞ്ഞ മുറിക്കുള്ളിൽ കഴിച്ചുകൂട്ടുന്നു. ദിവസവും വികസിക്കുകയാണ് മുംബൈ. സൗത്ത് മുംബൈയിലെ കണ്ണായ സ്ഥലമായ ഗ്രാന്റ് റോഡിനടുത്തായാണ് കാമാത്തിപുര. റിയൽ എസ്റ്റേറ്റിന്റെ കഴുകൻ കണ്ണുകൾ ഇപ്പോൾ കാമാത്തിപുരയെ വട്ടമിട്ടു പറക്കുകയാണ്. വേശ്യാലയങ്ങൾ നടത്തുന്ന സ്ഥലം ഉടമകളിൽനിന്നും പൊന്നും വിലയ്ക്ക് ഭൂമി വാങ്ങി കെട്ടിടം പണിത് ലാഭമുണ്ടാക്കാനുള്ള പദ്ധതികളാണവർ മുന്നോട്ടുനീക്കുന്നത്.

പല കെട്ടിടങ്ങളുടെ പേരിലും കോടതിയിൽ കേസ് നടക്കുക്കുന്നു. രേഖകൾ തിരുത്തിയും മറ്റും ചിലകെട്ടിടങ്ങൾ ഇവർ റിയൽഎസ്റ്റേറ്റുകാർക്ക് കൈമാറിക്കഴിഞ്ഞു. അവിടെ ബഹുനില കെട്ടിടങ്ങൾ ഉയർന്നും തുടങ്ങി. ലൈംഗിക തൊഴിലാളികളുടെ പുനരധിവാസമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇതിനുള്ള പരിഹാരം കാണുമെന്ന് കാമാത്തിപുര ലാന്റ് ലോർഡ്സ് അസോസിയേഷൻ പറയുന്നു. വാഗ്ദാനങ്ങൾ കുന്നോളമാണ്.

ചെറിയ ചെറിയ കുടിലുകൾ പൊളിച്ചുനീക്ക് വലിയ വീടുകൾ കെട്ടിക്കൊടുക്കും. അവയിൽ ആധുനിക സജ്ജീകരണങ്ങളൊരുക്കും. സ്കൂളും ആശുപത്രിയും പാർക്കും നിർമ്മിക്കും. എന്നാൽ ഇവർ പറയുന്നതിലെ ചതി പിന്നീടാണ് മനസിലാവുക. 25 ബിൽഡിഗുങ്ങളിലായി അഞ്ഞുറ് ലൈംഗിക തൊഴിലാളികൾ മാത്രമെ ഇവിടെ ഉള്ളു എന്നാണ് അസോസിയേഷൻ വാദം. അതിനർത്ഥം പതിനയ്യായിരത്തോളം വരുന്ന ലൈംഗീകതൊഴിലാളികളും അവരുടെ മക്കളും പ്രായമായവരും ഇവരുടെ കണക്കിൽ പെടുന്നില്ല എന്നുതന്നെയാണ്. സർക്കാരാണ് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടേണ്ടത്.

കാമാത്തിപുരയെ റിയൽ എസ്റ്റേറ്റ് വിഴുങ്ങാൻ പോകുന്നു എന്ന് ഏതാണ്ട് ഉറപ്പായി. ഇവിടെ പ്രവർത്തിക്കുന്ന പല എൻജിഒകളും ഇത്തിൾ കണ്ണികളാണ്. രാജ്യാന്തര തലത്തിൽ അവരുടെ പ്രശസ്തിക്ക് കാമാത്തിപുരയെ ഉപയോഗിക്കുന്നവർ. ഇവിടുത്തെ മാംസവ്യാപാരം നിർത്തലാക്കി ഇവരെ പുനരധിവസിപ്പിക്കുകയെന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ ബാധ്യത.