നാട്ടിലെ ബാങ്ക് വായ്പ ദേശസാത്കൃത ബാങ്കിലേക്ക് മാറ്റി നല്‍കുമെന്ന പത്ര പരസ്യത്തില്‍ വിശ്വസിച്ചതാണ് അനില്‍കുമാറിന്റെയും കുടുംബത്തിന്റെയും ദുരന്തത്തിന് തുടക്കമിട്ടത്. വായ്പ മാറ്റി നല്‍കുന്നതിനെന്ന പേരില്‍ അമ്മ മീരാ ബായിയെ കബളിപ്പിച്ച് പലയിടങ്ങളിലായി ഒപ്പുകള്‍ വാങ്ങിയ സംഘം പുരയിടവും അനുബന്ധമായുള്ളതുമായ ഭൂ സ്വത്തുക്കളും ഉപയോഗിച്ച് മൂന്നു ബാങ്കുകളില്‍ നിന്നായി 50ലക്ഷം രൂപ വായ്പയെടുത്തതായി അബുദാബിയില്‍ ജോലിചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി അനില്‍കുമാര്‍ പറഞ്ഞു. എന്‍.ആര്‍.ഐകള്‍ക്ക് ലഭിക്കുന്ന പര്‍ച്ചേസ് ലോണ്‍ വകുപ്പില്‍ ഉള്‍പ്പെടുത്തിയാണ് ഭൂമാഫിയ സംഘം സഹോദരന്‍ സുനില്‍ കുമാറിന്റെ ഭാര്യയായിരുന്ന സരിയുടെ സഹായത്തോടെ ലോണുകള്‍ നേടിയെടുത്തത്.

മൂന്നു വായ്പകളില്‍ പത്തുലക്ഷത്തിന്‍റെ വായ്പ ഹൈക്കോടതി ഇടപെട്ട് റദ്ദാക്കി. 25 ലക്ഷത്തിന്റെയും 15 ലക്ഷത്തിന്‍റെയും വായ്പകള്‍ പലിശയും പിഴ പലിശയുമായി വന്‍തുകയായി മാറിയിരിക്കുകയാണ്. ഇരു ബാങ്കുകളിലുമായി 40 ലക്ഷത്തോളം രൂപ ഈ സഹോദരങ്ങള്‍ അടച്ചു തീര്‍ത്തു. ഇനിയും 40 ലക്ഷം രൂപ അടച്ചെങ്കില്‍ മാത്രമേ ബാധ്യതകളില്‍ നിന്ന് തലയൂരി ജപ്തി ചെയ്യപ്പെട്ട വസ്തുക്കള്‍ തിരിച്ചുപിടിക്കാനാവു. തുച്ചമായ വരുമാനം കൊണ്ട് വേണം കേസുകള്‍ നടത്താന്‍. ഇതിനിടെ പ്രധാനമന്ത്രിക്കുവരെ അനില്‍കുമാര്‍ പരാതികള്‍ നല്‍കി. പലരും അനുകൂല നിലപാടുകള്‍ സ്വീകരിച്ചു. കോടതികളില്‍ നിന്ന് പലതവണയായി അനുകൂല വിധി വന്നു. പക്ഷെ ഒന്നിനും ഫലമില്ലാത്തവണ്ണം നഷ്‌ടപ്പെട്ട സ്വത്തുകളും വീടും ഇപ്പോഴും ജപ്തി നടപടിയില്‍പെട്ട് അനുഭവയോഗ്യമല്ലാത്ത അവസ്ഥയില്‍ തുടരുകയാണ്.