സ്ത്രീധന പീഡനങ്ങളും മറ്റ് ഉപദ്രവങ്ങളുമാണ് ഏറ്റവുമധികം പരാതികള്‍ക്കും ആധാരം.

ദില്ലി: പ്രവാസികളായ ഭര്‍ത്താക്കന്‍മാരുടെ പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ഷംതോറും വലിയ അളവില്‍ വര്‍ദ്ധിക്കുന്നുവെന്ന് കണക്കുകള്‍. 2014 മുതല്‍ 2017 വരെയുള്ള കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളിലെ എംബസികളിലും ഇന്ത്യന്‍ ഹൈക്കമ്മീഷനുകളിലും ഭര്‍തൃ പീഡനം ആരോപിച്ച് 3,768 സ്ത്രീകള്‍ പരാതി നല്‍കിയതായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ലോക്സഭയെ അറിയിച്ചു.

സ്ത്രീധന പീഡനങ്ങളും മറ്റ് ഉപദ്രവങ്ങളുമാണ് ഏറ്റവുമധികം പരാതികള്‍ക്കും ആധാരം. 2014ല്‍ ഇത്തരത്തിലുള്ള 276 പരാതികളും 2015ല്‍ 796 പരാതികളും ലഭിച്ചു. 2016 ആയപ്പോഴേക്കും പരാതികളുടെ എണ്ണം 1510 ആയി ഉയര്‍ന്നു. 2017ല്‍ 1,186 പരാതികള്‍ ലഭിച്ചതായി പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് കൗണ്‍സിലിങ്, നിയമനടപടികളെക്കുറിച്ചുള്ള അവബോധം നല്‍കല്‍, നിയമപരമായി ഭര്‍ത്താവിന് സമന്‍സ് നല്‍കാനുള്ള നടപടികള്‍ക്കുള്ള സഹായം തുടങ്ങിയ സേവനങ്ങള്‍ എംബസികള്‍ നല്‍കി വരുന്നുണ്ട്. ഇന്ത്യയില്‍ പരാതി നല്‍കുന്നതിനൊപ്പം ലുക്ക് നോട്ടീസ് പുറപ്പെടുവിക്കുക, ഭര്‍ത്താക്കന്‍മാരുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് പിടിച്ചുവെയ്ക്കുക തുടങ്ങിയവയും എംബസികള്‍ ചെയ്യുന്നു. 

പ്രവാസി ഭാര്യാ-ഭര്‍ത്താക്കന്‍ തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 2017 ഓഗസ്റ്റില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതിനായി ഒരു ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി രൂപീകരിക്കുന്നതടക്കമുള്ള ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞുവെന്നും വി.കെ സിങ് പറഞ്ഞു. ഭാര്യമായി ഉപേക്ഷിക്കുന്ന പ്രവാസി ഭര്‍ത്താക്കന്‍മാരുടെ പാസ്‍പോര്‍ട്ട് റദ്ദാക്കാനുള്ള തീരുമാനമെടുക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യം നിയമനടപടികളിലൂടെയാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.