അഗര്‍ത്തല: ത്രിപുര മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ നൃപണ്‍ ചക്രവര്‍ത്തിയുടെ ചരമവാര്‍ഷികം ആചരിച്ച് ബിജെപി. നൃപണ്‍ ചക്രവര്‍ത്തിയുടെ 13-ാം ചരമവാര്‍ഷികത്തിലാണ് ത്രിപുരയിലെ ബിജെപി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപലബ് കുമാറടക്കമുള്ള ഉന്നതനേതാക്കള്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. പത്ത് വര്‍ഷം ത്രിപുര ഭരിച്ച നൃപണ്‍ ചക്രവര്‍ത്തി സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചെന്ന് ബിജെപി നേതാക്കള്‍ ചടങ്ങില്‍ അനുസ്മരിച്ചു. 

ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എന്നതിനപ്പുറം രാജ്യത്തെ മുഴുവന്‍ ഇടതുപക്ഷത്തിന് തന്നെ ഒരു നാഴികക്കല്ലായിരുന്നു. ഒരു വിഭാഗത്തോടും രാഷ്ട്രീയവൈര്യം കാത്തുസൂക്ഷിച്ച ആളല്ലായിരുന്നു അദ്ദേഹം, രാഷ്ട്രീയനേട്ടത്തിനായി വികസനത്തിന് തുരങ്കംവയ്ക്കുന്ന വ്യക്തിയല്ലായിരുന്നു അദ്ദേഹം. എന്നാലിപ്പോള്‍ സ്വന്തം പാര്‍ട്ടിയായ സിപിഎം പോലും അദ്ദേഹത്തെ മറന്നിരിക്കുന്നു- ചടങ്ങില്‍ സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപലബ് കുമാര്‍ ചൂണ്ടിക്കാട്ടി.