കോഴിക്കോട്: മനുഷ്യാവസ്ഥകളെ കുറിച്ച് എഴുതാന്‍ പോലും വിലക്കുള്ള കാലമാണ് വരുന്നതെന്ന് കഥാകൃത്ത് എന്‍ എസ് മാധവന്‍. കോഴിക്കോട് ജനാധിപത്യ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എന്‍ എസ് മാധവന്‍.

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കടിഞ്ഞാണിട്ടും, ഭീഷണിപ്പെടുത്തിയും ഫാസിസ്റ്റുകള്‍ വളരുകയാണ്.എഴുത്തുകാര്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടാനും ശ്രമം നടക്കുന്നു.സമൂഹമാധ്യമങ്ങളിലൂടെ എഴുത്തുകാര്‍ക്കെതിരെ നീളുന്ന ആക്രമണം ഇതിന്റെ ഭാഗമാണ്. മനുഷ്യാവസ്ഥകളെ കുറിച്ച് എഴുതാന്‍ പോലും വിലക്കുള്ള കാലമാണ് വരുന്നതെന്നും എന്‍ എസ് മാധവന്‍ സൂചിപ്പിച്ചു.

ഒന്നിന്റെയും ഭാഗമാകാതിരിക്കാന്‍ എഴുത്തുകാരന്‍ ജാഗ്രത കാട്ടണമെന്നാണ് തനിക്ക് നേരെയുണ്ടായ വധഭീഷണി ചൂണ്ടിക്കാട്ടി കെ പി രാമനുണ്ണി സംസാരിച്ചത്. ആര്‍ ഉണ്ണി, പി കെ പാറക്കടവ് എന്നിവരും ജനാധിപത്യ ഉത്സവത്തില്‍ പങ്കെടുക്കാനെത്തി. ഫാസിസ്റ്റ് ശക്തികള്‍ക്ക് താക്കീതെന്ന മുദ്രാവാക്യവുമായാണ് കോഴിക്കോട് ജനാധിപത്യ ഉത്സവം നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തില്‍ എഴുത്ത്, വര, ആട്ടം, പാട്ട് സിനിമ, ഗസല്‍ എന്നിവ അരങ്ങേറും.