പുതിയ തലവനായി ഇന്റർവ്യൂ നടത്തി ആളെ വരെ തെരഞ്ഞെടുത്തെങ്കിലും നിയമനം നടത്താതെ വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബഹിരാകാശവകുപ്പിപ്പോൾ.ഇൻസ്പേസ് മേധാവിയുടെ ഇടപെടലാണ് നിയമനം നടക്കാതിരിക്കാൻ കാരണമെന്നാണ് ഇസ്രൊയ്ക്ക് അകത്ത് നിന്നുയരുന്ന ആരോപണം. അരുൺരാജ് എഴുതുന്നു

നാഥനില്ലാക്കളരി

ഐഎസ്ആർഒയുടെ റോക്കറ്റുകളിൽ വിക്ഷേപിക്കാൻ വിദേശത്ത് നിന്നടക്കം ഉപഗ്രഹങ്ങളെ എത്തിക്കുന്ന വാണിജ്യ വിഭാഗമാണ് എൻ എസ് ഐ എൽ. ഇസ്രൊ തന്നെ നിർമ്മിച്ച് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ലഭ്യമാക്കുന്ന സംവിധാനം. ഐഎസ്ആർഒയുടെ സാങ്കേതിക വിദ്യ വ്യവസായങ്ങൾക്ക് കൈമാറാൻ ചുമതലപ്പെട്ട പ്രസ്ഥാനം. ഇതെല്ലാമാണ് 2019 മാർച്ചിൽ രൂപീകരിച്ച ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്.

2020ൽ അവതരിപ്പിച്ച പുതിയ ബഹിരാകാശ നയം കരുത്തുകൂട്ടിയ NSILനെ അതേ നയം ജന്മം നൽകിയ ഇൻസ്പേസ് വിഴുങ്ങുന്നുവെന്ന ആക്ഷേപം അകത്ത് പുകഞ്ഞ് തുടങ്ങിയിട്ട് കുറച്ചധികം നാളായി. ഇസ്രൊ മുൻ ചെയർമാൻ ജി.മാധവൻ നായർ അത് തുറന്ന് പറയുകയും ചെയ്തു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുകയടക്കമുള്ള എൻസിലിൻ്റെ ജോലികള്‍ INSPACE ഏറ്റെടുത്ത് താൽപര്യപത്രങ്ങൾ ക്ഷണിച്ച് തുടങ്ങിയതോടെ ചോദ്യങ്ങൾ ഉയർന്ന് തുടങ്ങി.

നയവും നിയമമില്ലായ്മയും ചർച്ചയാകുന്നതിനിടെ എൻസിൽ നേതൃത്വത്തിലും ഇപ്പോൾ അനിശ്ചിതത്വമാണ്. സിഎംഡി സ്ഥാനം വഹിച്ചിരുന്ന മുൻ എൽപിഎസ‍്സി മേധാവി എം.മോഹൻ വിരമിച്ച ശേഷം പകരം നിയമനം ഇത് വരെ നടന്നില്ല.

NSILൻ്റെ ചരിത്രത്തിലെ ഇത് വരെയുള്ള നാല് മുൻ മേധാവിമാരും ഇസ്രൊയിൽ നിന്നെത്തിയവരായിരുന്നു. ഇനിയത് വേണ്ടെന്നും പുറത്ത് നിന്നൊരാൾ ബിസിനസ് കൈകാര്യം ചെയ്യാൻ എത്തട്ടെ എന്നും ഉന്നത തല തീരുമാനമുണ്ടായി. അതനുസരിച്ച് പുതിയ മേധാവിയെ തേടി അപേക്ഷ ക്ഷണിച്ചു.

മൂന്നാം NSIL മേധാവിയായ രാധാകൃഷ്ണൻ ദുരൈരാജ് വിരമിക്കും മുന്പ് തന്നെ അപേക്ഷ ക്ഷണിച്ചിരുന്നു. 2025 ഓഗസ്റ്റ് 11നാണ് ആളെ ക്ഷണിച്ച് കൊണ്ടുള്ള സർക്കുലർ ഇറങ്ങിയത്. അപേക്ഷിക്കാനുള്ള അവസാന തീയതി അതേ വർഷം സെപ്റ്റംബർ 11ന് അവസാനിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാർക്കും, പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ളവർക്കും, സ്വകാര്യ കമ്പനികളിലുള്ളവർക്കുമെല്ലാം അപേക്ഷിക്കാൻ പാകത്തിനായിരുന്നു യോഗ്യതാ മാനദണ്ഡം തയ്യാറാക്കിയത്. രാധാകൃഷ്ണൻ വിരമിക്കുന്പോഴേക്ക് നിയമന പ്രക്രിയ പൂർത്തിയാകാത്തതിനാൽ അപ്പോൾ എൽപിഎ‍സ്‍സി മേധാവിയായിരുന്ന എം.മോഹന് NSIL സിഎംഡിയുടെ അധിക ചുമതല നൽകി.

നിയമനം നടത്താൻ അധികാരപ്പെട്ട സേർച്ച് കം സെലക്ഷൻ കമ്മിറ്റി (എസ്‍ സി എസ് സി) അഞ്ച് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി. പിന്നീട് അത് ഒരൊറ്റ പേരിലേക്ക് ചുരുങ്ങി. ബോയിങ് അടക്കം മുൻനിര എയറോസ്പേസ് കന്പനികളിൽ ഉന്നത പദവി വഹിച്ച ഒരാളെയായിരുന്നു അവസാനം തെരഞ്ഞെടുത്തതെന്ന് ബഹിരാകാശ വകുപ്പിലെ പ്രമുഖർ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. എന്നാൽ നിയമനം അനിശ്ചിതമായി പിന്നെയും വൈകി.

ബഹിരാകാശവകുപ്പ് കണ്ടെത്തിയ ആളെ പറ്റില്ലെന്ന് ഇൻസ്പേസ് മേധാവി തീരുമാനിച്ചതാണ് നിയമനം അട്ടിമറിച്ചതെന്നാണ് ഇസ്രൊയിലെ വിശ്വസ്ത കേന്ദ്രങ്ങൾ തരുന്ന വിവരം.

എന്ത് കൊണ്ട് നിയമനം വൈകുന്നുവെന്ന് മനസിലാകുന്നില്ലെന്നും, ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നുമാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇതേ പറ്റിയുള്ള ചോദ്യത്തോട് പ്രതികരിച്ചത്. എൻസിലുമായി നേരിട്ട് ബന്ധമുള്ള നാല് മുതിർന്ന ഉദ്യോഗസ്ഥരോട് സംസാരിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തിൽ പൊതു മധ്യത്തിൽ അഭിപ്രായം പറയാൻ ആരും തയ്യാറല്ല.

വീണ്ടും അപേക്ഷ ക്ഷണിച്ചു

ഇപ്പോൾ അപ്രതീക്ഷിതമായി സിഎംഡി സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഐഎസ്ആർഒ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയ പുതിയ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 21 ആണ്. കുറഞ്ഞത് 45 വയസ് പ്രായമുള്ള, അനുഭവപരിചയമുള്ള പൊതു, സ്വകാര്യ മേഖലകിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാവുന്ന തരത്തിലാണ് പുതിയ പരസ്യം. പൊതുമേഖലയിൽ നിന്നൊ സ്വകാര്യ കന്പനിയിൽ നിന്നൊ അപേക്ഷിക്കുകയാണെങ്കിൽ കുറഞ്ഞത് ആയിരം കോടി രൂപ ടേണോവറുള്ള സ്ഥാപനത്തിൽ സ്ഥിരം ജീവനക്കാരനായിരിക്കണമെന്നും നിബന്ധനയുണ്ട്. അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം

ഏഷ്യാനെറ്റ് ന്യൂസ് ബഹിരാകാശ വകുപ്പ് സെക്രട്ടറി കൂടിയായ ഐഎസ്ആർഒ ചെയർമാനോട് വിഷയത്തിൽ പ്രതികരണം തേടിയിട്ടുണ്ട്. ഇത് വരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

സിഎംഡി സ്ഥാനത്തേക്ക് അഭിമുഖ ശേഷം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമായി ഏഷ്യാനെറ്റ് ന്യൂസ് ബന്ധപ്പെട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ടയാള്‍ താനാണെന്ന് അദ്ദേഹം നിഷേധിച്ചില്ല. എന്നാൽ വിഷയത്തിൽ പ്രതികരിക്കരുതെന്നാണ് തനിക്ക് ലഭിച്ച നിർദ്ദേശമെന്നായിരുന്നു മറുപടി.

ബോയിങ്ങ് അടക്കം എയറോസ്പേസ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവ‍ർതത്തിച്ച അനുഭവ സന്പത്തുള്ള ഇദ്ദേഹം ഇപ്പോൾ ബെംഗളൂരുവിലെ മറ്റൊരു പ്രമുഖ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.