Asianet News MalayalamAsianet News Malayalam

അയ്യപ്പജ്യോതി നടക്കുമ്പോള്‍ മന്നം സമാധിയില്‍ ദീപം തെളിയിച്ച് സുകുമാരന്‍ നായര്‍

പന്തളത്തും പത്തനംതിട്ടയിലെ മറ്റ് പ്രദേശങ്ങളിലും എന്‍ എസ് എസ് പ്രവര്‍ത്തകര്‍ ജ്യോതിയില്‍ വ്യാപകമായി പങ്കാളികളായി. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്നില്‍ അയ്യപ്പജ്യോതി തെളിയിക്കാന്‍ പുഷ്പാലങ്കൃതമായ വേദി തയ്യാറാക്കിയിരുന്നു

nss members participated in ayyappa jyothi protest
Author
Changanassery, First Published Dec 26, 2018, 9:22 PM IST

ചങ്ങനാശേരി:  ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയും ബി ജെ പിയും സംഘടിപ്പിച്ച അയ്യപ്പജ്യോതി പ്രതിഷേധത്തിനോട് സഹകരിച്ച് എന്‍എസ്എസ്. വിശ്വാസമാണ് വലുത്, വിശ്വാസികൾക്ക് ഈ അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു.

അയ്യപ്പന്റെ പേരിലുള്ള പരിപാടിയിൽ വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. എന്നാല്‍, സമുദായ അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സുകുമാരന്‍ നായര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തില്ല. പകരം മന്നം സമാധിക്ക് മുന്നിലുള്ള പെരുന്ന ജംഗ്ഷനില്‍ അയ്യപ്പ ജ്യോതി നടക്കുന്ന സമയത്തു തന്നെ സുകുമാരന്‍ നായര്‍  മന്നം സമാധിയില്‍ ദീപം തെളിയിച്ചു.

പന്തളത്തും പത്തനംതിട്ടയിലെ മറ്റ് പ്രദേശങ്ങളിലും എന്‍ എസ് എസ് പ്രവര്‍ത്തകര്‍ ജ്യോതിയില്‍ വ്യാപകമായി പങ്കാളികളായി. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്നില്‍ അയ്യപ്പജ്യോതി തെളിയിക്കാന്‍ പുഷ്പാലങ്കൃതമായ വേദി തയ്യാറാക്കിയിരുന്നു.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അടുത്തിടെ ബി ജെ പിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന്‍ നായര്‍ പെരുന്നയില്‍ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.

എൻ എസ് എസ് പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്ട്രീയനേട്ടത്തിന് വഴിവയ്ക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. അയ്യപ്പ കര്‍മ്മ സമിതിയും ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എന്‍എസ്എസും അയ്യപ്പജ്യോതി പ്രതിഷേധത്തിന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. 

Follow Us:
Download App:
  • android
  • ios