Asianet News MalayalamAsianet News Malayalam

കായംകുളം താപ നിലയം; അടച്ചുപൂട്ടല്‍ ഭീഷണിയില്‍

NTPC Asked to Shift Kayamkulam Plant to Other Location
Author
New Delhi, First Published Jul 14, 2016, 4:01 AM IST

കായംകുളം താപനിലയം ഒരു കാലത്ത് കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായിരുന്നു. എന്നാൽ നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം കടുത്ത നഷ്ടത്തിനിടയാക്കി. ഉയർന്ന നിരക്കിൽ ഈ നിലയത്തിന്റെ വൈദ്യുതി വാങ്ങാൻ ഇപ്പോൾ കേരളവും തയ്യാറാവുന്നില്ല. അനിവാര്യഘടങ്ങളിൽ മാത്രമാണ് ഇപ്പോൾ കായംകുളത്തെ ആശ്രയിക്കുന്നത്. എന്നാൽ താപനിലയത്തിന്റെ നടത്തിപ്പ് ചെലവുകൾക്കായി കരാർ പ്രകാരം വൈദ്യുതി ബോർഡ് പ്രതിമാസം 17 കോടി രൂപ നല്കുന്നുണ്ട്. 

എത്രകാലം നിലയം ഇങ്ങനെ കൊണ്ടുപോകും എന്ന സംശയം ഉയരുമ്പോഴാണ് കേന്ദ്രവും നിസ്സഹായത പ്രകടിപ്പിക്കുന്നത്. നിലയത്തെക്കുറിച്ച് താൻ ചുമതലയേറ്റ സമയത്ത് സംസ്ഥാന സർക്കാർ ചില നിർദ്ദേശങ്ങൾ പറഞ്ഞിരുന്നു എന്ന് ഊർജ്ജമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. എന്നാൽ പിന്നീട് ഇതേക്കുറിച്ച് സംസ്ഥാനത്തിന്‍റെ അഭിപ്രായം അറിയിച്ചിട്ടില്ല. നാഫ്തയിൽ നിന്ന് വാതകഅധിഷ്ഠിത നിലയമായാൽ ലാഭകരമാകും എന്നതായിരുന്നു മുമ്പ് കേന്ദ്രത്തിന്റെ പ്രതീക്ഷ. 

എന്നാൽ വാതകഅടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനും നല്ല നിക്ഷേപം വേണ്ടിവരും. ഒപ്പം വാതക വിലയും സർക്കാർ നിയന്ത്രണത്തിലല്ല. ഇതും വൈദ്യുതി വില കൂടാനിടയാക്കും. ഇപ്പോൾ തന്നെ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് നാലും അഞ്ചും രൂപയ്ക്ക് വൈദ്യുതി കിട്ടുമ്പോൾ ഇതിന്റെ ഇരട്ടി നല്കിയേ കായംകുളത്ത് നിന്ന് വാങ്ങാനാകൂ. ഈ സാഹചര്യത്തിൽ നിലയം അടച്ചുപൂട്ടേണ്ട ഒരു സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയും കേന്ദ്രത്തിലെ ഉന്നതർ തള്ളിക്കളയുന്നില്ല.

Follow Us:
Download App:
  • android
  • ios