ദില്ലി: രാജ്യത്തിന്റെ ആണവായുധ പരീക്ഷണങ്ങളെക്കുറിച്ചും ശേഖരത്തെക്കുറിച്ചുമുളള വിവരങ്ങൾ നൽകുന്നത് വിലക്കി കേന്ദ്രസർക്കാർ. തന്ത്രപ്രധാനമായ സേനാ കമാന്‍ഡിനെ വിവരാവകാശ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയാണ് കേന്ദ്രം ഉത്തരവിറക്കിയത്.
വിവരാവകാശനിയമം 2005ൽ നിലവിൽ വന്നതിന് ശേഷമുളള രണ്ടാമത്തെ ഭേദഗതിയാണ് നരേന്ദ്ര മോദി സർക്കാരിന്റേത്.സിബിഐ,എൻഐഎ,ദേശീയ ഇൻറലിജൻസ് ഗ്രിഡ് എന്നിവയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കി 2011 ൽ യുപിഎ സർക്കാർ ഉത്തരവിട്ടിരുന്നു. ഇപ്പോൾ രാജ്യത്തിന്റെ ആണവായുധ പരീക്ഷണങ്ങളെക്കുറിച്ചും ശേഖരത്തെക്കുറിച്ചുമുളള വിവരങ്ങൾ നൽകുന്നത് വിവരാവകാശനിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.
ആണവായുധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡിനെയാണ് നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയത്.എന്നാൽ ഭരണപരമായ അഴിമതി,മനുഷ്യാവകാശ ലംഘനം തുടങ്ങിയവയ്ക്ക് നിയമം ബാധകമാണെന്നും ഉത്തരവിലുണ്ട്. വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുളള നീക്കമായാണ് കേന്ദ്രസർക്കാർ നടപടിയെ വിവരാവകാശ പ്രവർത്തകർ കാണുന്നത്.
