ഭക്ഷണശാലയില്‍ നഗ്നനായി എത്തിയ യുവാവ് നടത്തിയ വെടിവയ്പ്പില്‍ നാല് മരണം

വാഷിങ്ടണ്‍: ഭക്ഷണശാലയില്‍ നഗ്നനായി എത്തിയ യുവാവ് നടത്തിയ വെടിവയ്പ്പില്‍ നാല് മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ടെന്നസ്സിയിലെ നാഷ്‌വില്ലിയിലെ ഒരു ഭക്ഷണശാലയിലാണ് സംഭവം. അമേരിക്കന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 3.30 നോട് അടുത്തായിരുന്നു യുഎസിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

നഗ്നനായി ഭക്ഷണശാലയില്‍ എത്തിയ ട്രാവിസ് റെയ്ന്‍കിങ് എന്ന 29 വയസ്സുള്ള യുവാവ് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭക്ഷണശാലയിലുള്ള നിരവധി പേര്‍ക്ക് വെടിയേറ്റു. മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, കാവല്‍ക്കാരിലൊരാള്‍ ഇയാളുടെ കൈയില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. 

ഭക്ഷണശാലയിലെ വെടിവയ്പ്പിന് ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കുവേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.