ചണ്ഡിഗഡ്: ഹരിയാന നിയമസഭയിൽ ദിഗംബര സന്യാസിയുടെ പ്രസംഗം. മുനി തരുൺ സാഗർ മഹാരാജാണ് ഇന്നലെ സാമാജികരെ അഭിസംബോധന ചെയ്തത്. ആദ്യമായി ആണ് ഹരിയാന നിയമസഭയുടെ അധോസഭയില്‍ ഒരു സന്യാസി പ്രഭാഷണം നടത്തുന്നത്. ഇതോടെ ഹരിയാന നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിച്ചു.

കാദവ് വചന്‍ എന്നാണ് 40 മിനുട്ടോളം നീണ്ട പ്രഭാഷണത്തിന് നല്‍കിയിരുന്നു പേര്. ഭരണ പ്രതിപക്ഷ ഭേദം ഇല്ലാതെ അംഗങ്ങള്‍ എല്ലാം കേട്ടിരുന്നു. ഹരിയാന നേരിടുന്ന പെണ്‍ഭ്രൂണഹത്യയെക്കുറിച്ച് മുനി തരുൺ സാഗർ മഹാരാജ് സംസാരിച്ചു. രാജ്യത്തു സ്ത്രീ – പുരുഷ അനുപാതം വർധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

1000 പുരുഷന്മാർക്കു 990 സ്ത്രീകളാണ് ഇപ്പോഴുള്ളത്. ഇതിനർഥം 10 പുരുഷന്മാർ വിവാഹം കഴിക്കാതിരിക്കണമെന്നാണ്. ഇതു വിഷമകരമായ സ്ഥിതിയാണ്. ഇതു വർധിപ്പിക്കാൻ പല കാര്യങ്ങൾ ചെയ്യാം. പെൺമക്കളുള്ള രാഷ്ട്രീയക്കാർക്കു തിരഞ്ഞെടുപ്പിൽ മുൻഗണന നൽകണം. 

പെൺകുട്ടികളുള്ള വീടുകളിൽനിന്നുള്ളവർക്കു മാത്രമേ പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കൂ എന്നു മാതാപിതാക്കൾ തീരുമാനിക്കണം. അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ രാജ്യന്തര ബന്ധങ്ങളെ പരാമര്‍ശിച്ച ഇദ്ദേഹം പാകിസ്ഥാനെക്കുറിച്ചു പരാമര്‍ശിച്ചു. പാകിസ്ഥാന്‍ ഭീകരവാദത്തെ കയറ്റിഅയക്കുകയാണെന്ന് പറഞ്ഞ മുനി തരുൺ സാഗർ ശിവന് ബ്രഹ്മാസുരന്‍ ഉണ്ടാക്കിയ രീതിയിലുള്ള പ്രശ്നമാണ് ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ ഉണ്ടാക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. തെറ്റുകള്‍ മാത്രം ചെയ്യുന്ന ഒരു രാജ്യം ഉണ്ടെങ്കില്‍ അത് പാകിസ്ഥാന്‍ ആണെന്ന് മുനി തരുണ്‍ സാഗര്‍ പറയുന്നു.

ഒപ്പം ഭരണരംഗത്ത് വര്‍ദ്ധിച്ചുവരുന്ന ക്രിമിനല്‍ വത്കരണത്തെക്കുറിച്ച് പറഞ്ഞ മുനി,160 ഒളം ക്രിമിനലുകള്‍ പാര്‍ലമെന്‍റില്‍ ഉണ്ടെന്നും, അവരെ അവിടെ കയറ്റാതിരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും ഇദ്ദേഹം പറഞ്ഞു. ഗംഗ സംരക്ഷണം അടക്കമുള്ള കാര്യങ്ങളും മുനി തരുൺ സാഗർ പറഞ്ഞു.