രോഗികളുടെ ജീവൻ കൊണ്ട് പന്താടുന്ന മുറിവൈദ്യന്മാർ സംസ്ഥാനത്ത് വ്യാപകം. അംഗീകൃത ബിരുദങ്ങളൊന്നുമില്ലാതെ ക്ലിനിക്കുകൾ നടത്തിയാണ് ചികിത്സ. ചട്ടങ്ങൾ കാറ്റിൽപ്പറത്തിയുള്ള ജീവനെടുക്കും ചികിത്സയെകുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
തിരുവനന്തപുരം: അടിസ്ഥാനയോഗ്യത പോലുമില്ലെങ്കിലും അംഗീകൃത ക്ലിനിക്കുകൾ എന്ന പേരിൽ വ്യാജക്ലിനിക്കുകൾ നടത്തി രോഗികളെ ജീവനെടുക്കുന്ന മുറിവൈദ്യൻമാരുടെ എണ്ണം കൂടുന്നു. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ജില്ലയിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
അടിസ്ഥാന യോഗ്യതകളില്ലാത്ത നിരവധി പേരാണ് അലോപ്പതി ചികില്‍സ നടത്തുന്നത്. ഹോമിയോ, പാരമ്പര്യവൈദ്യന്മാരും കുറിക്കുന്നത് ഇംഗ്ലീഷ് മരുന്ന് തന്നെയാണ്. അംഗീകൃത യോഗ്യതകളൊന്നുമില്ലാതെയാണ് ആയുര്‍വേദ ഹോമിയോ ചികില്‍സയും നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണം ഇങ്ങനെ:
കഴക്കൂട്ടത്തെ ചാന്‍സി ക്ലിനിക്കിലേക്കാണ് ആദ്യം ഞങ്ങൾ പോയത്. മൂലക്കുരു, അര്‍ശസ്, ഫിസ്റ്റുല എന്നിവയ്ക്കാണിവിടെ ചികിത്സ. ഡോക്ടര്‍ റോയിയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. പാരമ്പര്യവൈദ്യനാണെന്നാണ് അവകാശവാദം, പക്ഷെ കുറിക്കുന്നത് ഇംഗ്ലീഷ് മരുന്ന്.
പാരമ്പര്യവൈദ്യൻ എങ്ങിനെ ഇംഗ്ലീഷ് മരുന്ന് കുറിക്കുമെന്ന ചോദ്യത്തിന് മറുപടിയില്ല. രോഗികൾ സ്ത്രീകളാണെങ്കിൽ പരിശോധനക്ക് സ്ത്രീയെത്തും. ഇവരുടേയും യോഗ്യതയൊന്നും ചോദിക്കരുത്.
ആറ്റിങ്ങൽ ആലങ്കോടിന് അടുത്തുള്ള ഖാൻസ് ആശുപത്രിയിലേക്കാണ് പിന്നെ ഞങ്ങൾ പോയത്. ഡോക്ടറുടെ പേര് അബ്ദുൾ കരീം. ആയുര്‍വേദ ചികിത്സയും ഹോമിയോ ചികിത്സയും ഒരു പോലെ നടത്തുന്നു. കടുത്ത മൈഗ്രനിനാണ് ചികില്‍സ തേടിയത്. പക്ഷെ ഡോക്ടർ എഴുതിത്തന്നത് ആന്‍റി ബയോട്ടിക് മരുന്നായ അമോക്സിലിൻ. ക്ലിനിക്കില്‍ വച്ച് കഴിക്കാൻ പാരസെറ്റമോളും തന്നു.
ഒരു അംഗീകൃത ബിരുദവുമില്ലാതെ എങ്ങനെയാണ് ഇംഗ്ലീഷ് മരുന്ന് കുറിക്കുന്നതെന്ന ചോദ്യത്തിന് പറയുന്ന മറുപടിയും തൊടുന്യായമാണ്. തമിഴ്നാട്ടിൽ നിന്നും ഹോമിയോ പഠിച്ചു. കിട്ടിയ സർട്ടിഫിക്കറ്റ് ട്രാവൻകൂര്‍ കൊച്ചിൻ മെഡിക്കല്‍ കൗണ്‍സിലിൽ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഏത് കോളേജിലാണ് പഠിച്ചതെന്ന് ചോദിച്ചാൽ ഇയാൾക്കും മറുപടിയില്ല.
ഇങ്ങനെ എത്രയോ മുറിവൈദ്യൻമാരും വ്യാജഡോക്ടർമാരും നാട്ടിലുണ്ട്. ഇവരാരും അംഗീകൃതബിരുദമുള്ളവരല്ല. ഇവരെങ്ങനെ ഇംഗ്ലീഷ് മരുന്ന് കുറിയ്ക്കുന്നുവെന്ന് ചോദിച്ചാൽ ആർക്കും മറുപടിയുമില്ല. ഇവരെ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് എന്ത് നടപടിയാണെടുക്കുക?
