''പരസ്യമായി പ്രതികരിക്കാന്‍ തയ്യാറല്ല. കാര്യങ്ങൾ അറിയിക്കേണ്ടവരെ അറിയിച്ചു കഴിഞ്ഞു''
കോട്ടയം: കത്തോലിക്കാ സഭയിലെ ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് നല്കിയ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തില് പരസ്യമായി പ്രതികരിക്കാന് തയ്യാറല്ല. കാര്യങ്ങൾ അറിയിക്കേണ്ടവരെ അറിയിച്ചു കഴിഞ്ഞുവെന്നും വെളിപ്പെടുത്തേണ്ട സമയത്ത് കാര്യങ്ങൾ പറയുമെന്നും അവര് പറഞ്ഞു. സംഭവത്തെക്കുറിച്ച് കന്യാസ്ത്രീ ആറ് മാസം മുന്പ് തന്നെ കര്ദ്ദിനാള് ജോര്ജ്ജ് ആലഞ്ചേരിക്ക് പരാതി നല്കിയെന്നുള്ള വിവരങ്ങളും പുറത്തുവന്നു
2014ല് നടന്ന സംഭവത്തെക്കുറിച്ചുള്ള പരാതി മൂന്ന് ദിവസം മുന്പാണ് കോട്ടയം എസ്.പിക്ക് കൈമാറിയത്. അന്ന് പരാതി നല്കാന് ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യസ്ത്രീയുടെ വാദം. അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ്പും എസ്.പിക്ക് പരാതി നൽകി. ആദ്യം കിട്ടിയത് ബിഷപ്പിന്റെ പരാതിയാണെന്നാണ് പോലീസ് പറഞ്ഞത്. ഇരുവരുടേയും പരാതിയിൽ കേസെടുത്ത് അന്വേഷിക്കാന് വൈക്കം ഡി.വൈ.എസ്.പിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ഇന്ന് ഉച്ചയ്ക്ക് ശേഷം പരാതിക്കാരിയുടെ മൊഴിയെടുക്കും.
