പിതാവേ, ഞാനൊന്നു ചോദിക്കട്ടെ, ബിഷപ് ഫ്രാങ്കോയെ സംരക്ഷിച്ച്, സഭയുടെ അന്തസ് സംരക്ഷിക്കാൻ നോക്കുന്ന സഭാ അധികൃതർക്ക് എനിക്ക് നഷ്ടപ്പെട്ടത് തിരികെ തരാൻ കഴിയുമോ? ‘പതിമൂന്ന് തവണ’ ലൈംഗികമായി ചൂഷണം ചെയ്യാൻ ഞാനെന്തിന് നിന്നുകൊടുത്തു? ഇത് പുറത്തുപറയാൻ എനിക്ക് കഠിനമായ ഭയവും നാണക്കേടുമായിരുന്നു. ഇത് ഒതുക്കിത്തീർക്കുമെന്നും എന്‍റെ കുടുംബത്തിന് ഭീഷണിയുണ്ടാകുമെന്നും ഞാൻ ഭയന്നു. അയാളെ തടയാനുള്ള കരുത്ത് ഞാൻ സംഭരിക്കുമ്പോൾ സത്യത്തിന് നേരെ സഭ കണ്ണടക്കുന്നത് എന്തേയെന്നും ഞാൻ ഭയന്നു...
പീഡനത്തിന് ഇരയായ കന്യാസ്ത്രീ വത്തിക്കാൻ സ്ഥാനപതിക്ക് അയച്ച കത്തിന്‍റെ പൂർണ രൂപം. (പരിഭാഷ: സുജിത് ചന്ദ്രൻ)
From,
ബിഷപ്പിന്‍റെ പീഡനത്തെ അതിജീവിച്ച കന്യാസ്ത്രീ
സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോം
കുറവിലങ്ങാട്, കേരളം, ഇന്ത്യ
To,
അപോസ്തലിക് നൺസിയോ
ഹിസ് എക്സലൻസി മോസ്റ്റ് റവ. ഗിയാംബറ്റിസ്‌റ്റ ഡിക്വാട്രോ
അപ്പോസ്തലിക ആസ്ഥാനം, ചാണക്യപുരി, ദില്ലി
ബഹുമാനപ്പെട്ട പിതാവേ,
ഞാൻ 1994 ൽ മിഷനറീസ് ഓഫ് ജീസസ് സന്ന്യസ്ഥ സമൂഹത്തിൽ ചേർന്നു. നമ്മുടെ സന്ന്യസ്ഥ സമൂഹത്തിന്‍റെ സ്ഥാപകനായിരുന്ന പരേതനായ സിംഫോറിയന്‍ കീപ്രത്ത് പിതാവ് ജലന്ധർ ആർച്ച് ബിഷപ്പായിരുന്ന സമയത്ത് 1999ൽ ആദ്യ വ്രതവാഗ്ദാനം സ്വീകരിച്ചു. 2004ൽ അദ്ദേഹത്തിന് മുന്പാകെ എന്‍റെ നിത്യവ്രത വാഗ്ദാനം കൈക്കൊണ്ടു. 19 വർഷമായി ഞാൻ സഭയ്ക്കുവേണ്ടി കന്യാസ്ത്രീയുടെ സമർപ്പിത ജീവിതം നയിക്കുന്നു. സന്ന്യസ്ഥസഭയുടെ ആദ്യപിതാവ് നിയോഗിച്ചതനുസരിച്ച് 2004 മുതൽ മൂന്ന് വർഷം സുപ്പീരിയർ ജനറലായും ഞാൻ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2007ൽ വീണ്ടും ഞാൻ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. ആ നിയോഗം 2011 വരെ തുടർന്നു. ഇക്കാലമത്രയും,ഇന്നോളം ഞാൻ എനിക്കു കിട്ടിയ ദൈവവിളി പിന്തുടർന്നു, സഭാസമൂഹത്തിന്‍റെ ലക്ഷ്യങ്ങൾ സഫലമാക്കാൻ എന്‍റെ ജീവിതം യേശുവിൽ ആത്മാർത്ഥമായി സമർപ്പിച്ചു. കുറവിലങ്ങാട് സെന്‍റ് തോമസ് മിഷൻ ഹോമിന്‍റെ സുപ്പീരിയറായും ഞാൻ നിയോഗിക്കപ്പെട്ടു. ഇപ്പോഴും ഞാൻ അവിടുത്തെ അംഗമാണ്.
ലൈംഗികപീഡനത്തിന് ഇരയായി നീതി തേടുന്ന ഒരു ഇര എന്ന നിലയിലാണ് ഞാൻ ഈ കത്തെഴുതുന്നത്. കുറവിലങ്ങാട് പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിലിനേയും പാലാ രൂപതാ മെത്രാൻ ജോസഫ് കല്ലറങ്ങാട്ട് പിതാവിനേയും 2017 ജൂൺ മാസം ഞാൻ കണ്ടിരുന്നു. 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോയിൽ നിന്ന് ഞാൻ നേരിട്ട ലൈംഗിക ചൂഷണത്തെപ്പറ്റിയും അത് ചെറുക്കാൻ ധൈര്യം കാട്ടിയതിന് ശേഷം പല വഴിയിൽ അദ്ദേഹം എന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നതും ഞാൻ അവരോട് പറഞ്ഞിരുന്നു. കടുത്ത പീഡനങ്ങളെത്തുടർന്ന് ഈ സന്ന്യസ്ഥസമൂഹത്തിൽ നിന്ന് നിശ്ശബ്ദമായി വിട്ടുപോകാൻ 2017 മെയ് മാസത്തിൽ ഞാനൊരു തീരുമാനം എടുത്തിരുന്നു. പക്ഷേ എന്‍റെയൊപ്പമുള്ള കന്യാസ്ത്രീകളുടെ സ്നേഹവും ചില പിതാക്കൻമാരുടെ സ്നേഹപൂർണ്ണമായ ഉപദേശങ്ങളും കാരണം അതിൽനിന്ന് ഞാൻ പിന്‍മാറി. ഞാൻ വിടുതൽ അപേക്ഷ നൽകിയപ്പോൾ എനിക്കൊപ്പം ഉണ്ടായിരുന്ന നാല് കന്യാസ്ത്രീകളും ഒപ്പം വിട്ടുപോരാൻ തയ്യാറായിരുന്നു. നിരവധി കന്യാസ്ത്രീകൾ ജലന്ധർ രൂപത വിട്ടുപോയി മറ്റെവിടെയെങ്കിലും മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളായിത്തന്നെ ജീവിക്കാനുള്ള ആഗ്രഹവും അന്ന് പ്രകടിപ്പിച്ചു. എന്നാൽ ഈ സന്ന്യസ്ഥസമൂഹം തകർന്നുപോകുന്നത് കാണാൻ എനിക്കാകുമായിരുന്നില്ല. അതുകൊണ്ട് അന്ന് ഞാൻ എന്‍റെ വിടുതൽ അപേക്ഷ പിൻവലിച്ചു.
കല്ലറങ്ങാട്ട് പിതാവിന്‍റേയും വടക്കേൽ പിതാവിന്‍റേയും ഉജ്ജയിൻ രൂപതാ ബിഷപ്പിന്‍റേയും നിർദ്ദേശപ്രകാരം ഞാൻ വടക്കേൽ പിതാവ് വഴി സിറോ മലബാർ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് 2017 ജൂലൈ 11ന് ഒരു കത്ത് നൽകിയിരുന്നു. ബിഷപ് ഫ്രാങ്കോ മുളക്കലിൽ നിന്ന് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീകൾ നേരിടേണ്ടിവരുന്ന പീഡനങ്ങളായിരുന്നു കത്തിന്‍റെ ഉള്ളടക്കം. ഇതേ കത്തിന്‍റെ മറ്റൊരു പകർപ്പ് വടക്കേൽ പിതാവിനും നൽകി. 2017 നവംബർ 23ന് ആലഞ്ചേരി പിതാവിനെ നേരിട്ടുകണ്ട് ബിഷപ് ഫ്രാങ്കോയിൽ നിന്ന് ഞാൻ സഹിച്ചതെല്ലാം നേരിട്ട് പറഞ്ഞു. പിന്നീട്, 2017 ഡിസംബറിൽ, ബിഷപ് ഫ്രാങ്കോ എന്നേയും മറ്റൊരു കന്യാസ്ത്രീയേയും ചില പൊലീസ് കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞ് വത്തിക്കാൻ സ്ഥാനപതിയുമായി ഒരു കൂടിക്കാഴ്ചക്ക് അവസരമുണ്ടാക്കിത്തരണമെന്ന് ഞാൻ കർദിനാളിനോട് ടെലഫോണിലൂടെ അപേക്ഷിച്ചിരുന്നു. അങ്ങയോട് എന്‍റെ വേദനയും ദുരിതങ്ങളും പറയാമെന്ന് ഞാൻ കരുതി. പക്ഷേ കേരളത്തിലെ സഭാധികാരികളിൽ നിന്ന് എനിക്ക് ശുഭകരമായ ഒരു മറുപടിയും കിട്ടിയില്ല. അതുപോലെ, 2017 ഒക്ടോബറിൽ അങ്ങ് കൊച്ചിയിൽ എത്തുമ്പോൾ അദ്ദേഹവുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിത്തരാം എന്ന് വടക്കേൽ പിതാവ് എനിക്ക് വാഗ്ദാനം തന്നിരുന്നു. പക്ഷേ അദ്ദേഹവും അത് ചെയ്തുതന്നില്ല. അതുകൊണ്ട് 2018 ജനുവരി 28ന് ഞാൻ അങ്ങേയ്ക്ക് നേരിട്ട് ഒരു കത്തയച്ചിരുന്നു. ആ കത്തിൽ ബിഷപ് ഫ്രാങ്കോ എന്നോട് ചെയ്ത ബലാത്സംഗം, ലൈംഗിക ചൂഷണം, മാനസികപീഡനം, എനിക്കെതിരായി അദ്ദേഹം ജലന്ധർ പൊലീസിന് നൽകിയ പരാതിയുടെ വിശദാശംങ്ങൾ എന്നിവ ഞാൻ വ്യക്തമായി എഴുതിയിരുന്നു. ബംഗളൂരുവിൽ CBCI യോഗം നടന്ന സമയത്ത് ബിഷപ് കുര്യൻ വലിയകണ്ടത്തിലാണ് എന്‍റെ ആ കത്ത് അങ്ങേയ്ക്ക് കൈമാറിയത്.
അഞ്ച് മാസം ഞാൻ കാത്തിരുന്നു. അങ്ങയുടെ ഓഫീസിൽ നിന്ന് എനിക്ക് മറുപടിയൊന്നും കിട്ടിയില്ല. അതുകൊണ്ട് 2018 മെയ് 14ന് ഞാൻ റോമിലെ മൂന്ന് സഭാധികാരികൾക്ക് ഈ വിവരം കാണിച്ച് കത്തെഴുതി കൊരിയർ ചെയ്തു. തുടർന്ന് അന്വേഷിച്ചപ്പോൾ 2018 മെയ് 18ന് കത്ത് അവിടെ കൈപ്പറ്റിയതായി അറിഞ്ഞു. മോസ്റ്റ് റവറന്‍റ് ആർച്ച് ബിഷപ് ലൂയിസ് ഫ്രാൻസിസ്കോ ലദായിയ, S. EM.ZA ഫെറർ SJ, റവറൻഡിസിമ പ്രൊഫെറ്റോ കൺഗ്രീഗാസിയോൺ, പോപ് ഫ്രാൻസിസ് എന്നിവർക്കായിരുന്നു ആ കത്തുകൾ. ഒരു മാസം ഞാൻ കാത്തിരുന്നു. DHL കൊരിയർ കമ്പനിയുടെ ഡെലിവറി റിപ്പോർട്ട് അല്ലാതെ ഒരു മറുപടിയും എനിക്ക് കിട്ടിയില്ല. 2018 ജൂൺ 22ന് ഞാൻ ഒരു ശ്രമം കൂടി നടത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മോസ്റ്റ് റവറന്‍റ് പിയദ്രോ പരോളിൻ സെക്രട്ടേറിയോ ഡി സാറ്റോയ്ക്ക് ഒരു കത്തുകൂടി എഴുതി. 2018 ജൂൺ 25ന് ആ കത്തും അവിടെ കൈപ്പറ്റി.
ബിഷപ് ഫ്രാങ്കോ എന്നെ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചെങ്കിലും എനിക്കെന്‍റെ സുപ്പീരിയർ ജനറലിനോടോ കൗൺസിലർമാരോടോ ഈ കാര്യം പൂർണ്ണമായി വെളിപ്പെടുത്താൻ ആകുമായിരുന്നില്ല. എന്‍റെ മേൽ ബിഷപ് ഫ്രാങ്കോ ഒരുപാട് അച്ചടക്കനടപടികൾ എടുക്കുന്നതിന്‍റെ കാരണം ഞാൻ അദ്ദേഹത്തിന്‍റെ കൂടെ കിടക്കാൻ വിസമ്മതിച്ചത് കൊണ്ടാണ് എന്ന് ഞാൻ അവരോട് ആവർത്തിച്ച് പറഞ്ഞിരുന്നു. ഈ വാക്കുകളുടെ ഗൗരവം പോലും അവർ ഉൾക്കൊള്ളാത്ത സ്ഥിതിക്ക് എനിക്ക് കൂടുതൽ പറയാൻ ആകുമായിരുന്നില്ല. മേലധികാരികളെ ഉപയോഗിച്ച് ബിഷപ് ഫ്രാങ്കോ എന്നെ അപകടപ്പെടുത്തിയേക്കും എന്ന ഭയവും എനിക്കുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മിഷനറീസ് ഓഫ് ജീസസിൽ നിന്ന് 20 കന്യാസ്ത്രീകൾ കൊഴിഞ്ഞുപോയത് കന്യാസ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സഭയുടെ ആത്മീയ നേതൃത്വത്തിന് ഉത്തരങ്ങളൊന്നുമില്ല എന്നതിന് തെളിവാണ്. മിഷനറീസ് ഓഫ് ജീസസ് നേതൃത്വം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തേടി സമീപിക്കുന്നത് ബിഷപ് ഫ്രാങ്കോയെ മാത്രമാണ്. സന്ന്യസ്ഥ സമൂഹത്തിന്‍റെ നേതൃത്വത്തിലെ മുതിർന്നവരിൽ ഒരാൾ എന്ന നിലയിൽ മറ്റു കന്യാസ്ത്രീകളുമായി ഈ വിഷയം തുറന്നു സംസാരിക്കാനും എനിക്ക് കഴിയുമായിരുന്നില്ല.
മറ്റ് ചില കന്യാസ്ത്രീകളുടെ മേലും ബിഷപ് ഫ്രാങ്കോയ്ക്ക് കഴുകൻ കണ്ണുകൾ ഉണ്ടായിരുന്നു. അയാൾക്ക് താൽപ്പര്യം തോന്നുന്ന കന്യാസ്ത്രീകളെ അവരുടെ ദൗർബല്യങ്ങൾ ചൂഷണം ചെയ്ത് ബിഷപ് ഫ്രാങ്കോ കെണിയിൽ പെടുത്തും. 2017 ഏപ്രിലിൽ നടന്ന ഒരു ഉദാഹരണം ഞാൻ സൂചിപ്പിക്കാം. ഞങ്ങളുടെ ഒപ്പമുള്ള ബിഷപ് ഫ്രാങ്കോയോട് അടുത്ത ബന്ധം പുലർത്തുന്ന ഒരു യുവ കന്യാസ്ത്രീയുടെ ഗൗരവമുള്ള ഒരു തെറ്റ് തെളിവുകളടക്കം പിടിക്കപ്പെട്ടു. ബിഷപ് ഫ്രാങ്കോ അവരെ മറ്റൊരു സംസ്ഥാനത്തേക്ക് നീക്കാൻ നിർദ്ദേശിച്ചു. മൂന്ന് കമ്യൂണിറ്റികൾ ഉള്ള അവിടെ ജൂനിയർ കന്യാസ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത ആഴ്ച തന്ന ബിഷപ് ഫ്രാങ്കോ ആ കമ്യൂണിറ്റിയിൽ ഒരു പ്രത്യേക സന്ദർശനം നടത്തുകയും അവിടെ അന്തിയുറങ്ങുകയും ചെയ്തു. അന്ന് അർദ്ധരാത്രി 12 മണി വരെ മുമ്പ് പറഞ്ഞ കന്യാസ്ത്രീ ബിഷപ് ഫ്രാങ്കോയുടെ ‘ആത്മീയ ശിക്ഷണത്തിൽ’ ആയിരുന്നു. ബിഷപ് അവിടെ അന്തിയുറങ്ങിയ അസാധാരണ സാഹചര്യം മിഷനറീസ് ഓഫ് ചാരിറ്റി കന്യാസ്ത്രീകൾക്കിടയിൽ വലിയ സംശയങ്ങൾ ഉണർത്തിയിരുന്നു. അധികൃതരുടെ കനിവ് കിട്ടാതെ നിരവധി കന്യാസ്ത്രീകൾ സഭ ഉപേക്ഷിച്ച് പോയപ്പോൾ അവരോടൊന്നും തോന്നാത്ത പ്രത്യേക പരിഗണന ഈ കന്യാസ്ത്രീയോട് മാത്രം ബിഷപ് ഫ്രാങ്കോയ്ക്ക് തോന്നിയത് എന്തേ എന്നാണ് എനിക്ക് തോന്നിയത്. ആ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകാതിരിക്കാൻ അദ്ദേഹം ചെയ്യാവുന്നതെല്ലാം ചെയ്തു. ഏത് സമയവും ബന്ധപ്പെടാൻ സൗകര്യപ്രദമായ ഇടത്തേക്ക് അവരെ മാറ്റി നിയമിക്കുകയും ചെയ്തു. ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് ആരും ഇത് പരസ്യമായി ചോദ്യം ചെയ്തുമില്ല. സഭാധികാരികൾ നീതിപൂർണ്ണമായ ഒരു അന്വേഷണം നടത്തിയാൽ ജലന്ധർ രൂപതയിലെ കന്യാസ്ത്രീകളിൽ നിന്ന് ഇത്തരം നിരവധി സംഭവങ്ങൾ പുറത്തുവരും.
മേൽപ്പറഞ്ഞ സംഭവം ഞങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നില്ല. കാരണം ആ കന്യാസ്ത്രീയെ സ്വഭാവഹത്യ ചെയ്യാനും അവരുടെ വായ എന്നേയ്ക്കുമായി മൂടാനും ഏത് വൃത്തികെട്ട കളിയും ബിഷപ് ഫ്രാങ്കോ കളിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. അയാളെ എതിർക്കുന്നവരെല്ലാം ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. എനിക്കും നീതികിട്ടാൻ എന്നെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകൾക്കും എതിരെ സംസാരിക്കാൻ സുപ്പീരിയർ ജനറലിനുമേലും രൂപതയിലെ ചില അച്ചൻമാർക്ക് മേലും അദ്ദേഹം സമ്മർദ്ദം ചെലുത്തി. ബിഷപ് ഫ്രാങ്കോയെ എതിർക്കുന്ന ചില പുരോഹിതരെ സന്തോഷിപ്പിക്കാനാണ് ഞാൻ ഇതെല്ലാം ചേയ്യുന്നതെന്നാണ് അവരുടെ ആരോപണം.
ഞങ്ങളെ വിവിധ പൊലീസ് കേസുകളിൽ കുടുക്കാൻ ബിഷപ് ഫ്രാങ്കോ നടത്തിയ ചില ശ്രമങ്ങളിലേക്കും ഞാൻ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 2017 നവംബർ 30ന് പഞ്ചാബ് പൊലീസിലെ ASI അംരിക് സിംഗ് എന്നെ ഫോണിൽ വിളിച്ചു. ഞാനും സിസ്റ്റർ അനുപമയും ആത്മഹത്യ ചെയ്യും എന്നു പറഞ്ഞ് ബിഷപ് ഫ്രാങ്കോയെ ഭീഷണിപ്പെടുത്തിയതായി ഒരു പരാതി കിട്ടിയതായി അദ്ദേഹം അറിയിച്ചു. ജലന്ധർ രൂപതയുടെ പിആർഒ ആയ ഫാ.പീറ്റർ കാവുംപുറം ആണ് ഈ പരാതി നൽകിയത്. ഞാനെന്‍റെ സുപ്പീരിയർ ജനറലിനോട് പൊലീസ് അന്വേഷണത്തെപ്പറ്റി പറഞ്ഞെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. സഭാധികാരികളിൽ നിന്ന് എന്തെങ്കിലും ഒരു ഇടപെടൽ ഉണ്ടാകുമെന്ന് കരുതി ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കുന്നതിനിടെ 2018 ജൂൺ 19ന് ബിഷപ് ഫ്രാങ്കോ പിആർഒ വഴി എന്‍റെ സഹോദരന് എതിരായി പഞ്ചാബ് പൊലീസിൽ ഒരു കേസ് കൂടി ഫയൽ ചെയ്തു. ബിഷപ് ഫ്രാങ്കോയെ വകവരുത്തുമെന്ന് എന്‍റെ സഹോദരൻ ഭീഷണിപ്പെടുത്തി എന്നായിരുന്നു ആ പരാതിയിലെ വ്യാജ ആരോപണം.
2018 ജൂൺ 26ന് പിആർഒ വഴി കോട്ടയം എസ്പിക്ക് ബിഷപ് ഫ്രാങ്കോ ഒരു പരാതി കൂടി കൊടുത്തു. എനിക്കൊപ്പം ഈ പോരാട്ടത്തിൽ ഉറച്ചുനിന്ന അഞ്ച് കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളും ഞങ്ങൾ സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറും ഉൾപ്പെടെ ആറുപേർക്ക് എതിരെ ആയിരുന്നു അത്. കുറവിലങ്ങാട് മഠത്തിൽ എന്‍റെയൊപ്പം താമസിക്കുന്നവർ ആയതുകൊണ്ടും എന്‍റെയൊപ്പം നിന്ന് എനിക്ക് നീതി കിട്ടണമെന്ന് വാദിച്ചവരും ആയതുകൊണ്ടാണ് ആ അഞ്ചുപേർ ചിത്രത്തിൽ വന്നത്. 2018 ജൂൺ 26ന് എന്‍റെ സഹോദരനെതിരെ കൊടുത്തതിന് സമാനമായ പരാതി ആയിരുന്നു അവർക്കെതിരെയും നൽകിയത്.
ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും എതിരെ ജലന്ധറിലെ അധികാരികൾ നൽകിയ ഈ പരാതികളെല്ലാം കണ്ട് ഞങ്ങൾ ഭയപ്പെട്ട് തരിച്ചുപോയി. ദില്ലി റീജയൺ മെത്രോപ്പൊലീത്ത ആർച്ച് ബിഷപ് അനിൽ കൗട്ടോ 2018 മെയിൽ കുറവിലങ്ങാട് മഠം സന്ദർശിച്ചപ്പോൾ ഞങ്ങൾ ഇക്കാര്യം സംസാരിച്ചു. പിന്നീട് ഫോൺ മുഖേനെയും ഞങ്ങളുടെ സമരവും ദുരിതവും അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹം അങ്ങയുടെ ഇ മെയിൽ വിലാസം തന്നിട്ട് അങ്ങേയ്ക്ക് എഴുതാൻ ഞങ്ങളോട് നിർദ്ദേശിച്ചു. ഇ മെയിൽ വിലാസം കിട്ടിയ അന്നു രാത്രി തന്നെ, അതായത് 2018 ജൂൺ 24ന് പിആർഒ ഞങ്ങൾക്കെതിരെ വിവിധ പത്രങ്ങളിൽ നൽകിയ പത്രക്കുറിപ്പുകളടക്കം ചേർത്ത് അങ്ങേയ്ക്ക് ഞങ്ങൾ ഒരു അടിയന്തര ഇ മെയിൽ സന്ദേശം അയച്ചിരുന്നു. സഭ ഒരു സത്യാന്വേഷണം നടത്തുംവരെ ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് എതിരായ നിയമനടപടികൾ അവസാനിപ്പിക്കാൻ അങ്ങ് ബിഷപ് ഫ്രാങ്കോയോട് ആവശ്യപ്പെടുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഞങ്ങളുടെ അഭ്യർത്ഥന സഭാധികൃതർ കണ്ടില്ലെന്ന് നടിച്ചു. നീതി കിട്ടാനും ഞങ്ങളുടെയും കുടുംബാംഗങ്ങളുടേയും സുരക്ഷയ്ക്കും വേണ്ടി പൊലീസിനെ സമീപിക്കുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു. അതുകൊണ്ട് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ അങ്ങേയ്ക്ക് 2018 ജനുവരിയിൽ തന്ന അതേ പരാതി തന്നെ 2018 ജൂൺ 28ന് ഞാൻ പൊലീസിന് കൈമാറി.
ഈ കേസിൽ ഇതേവരെയുള്ള നടപടികൾ നോക്കിയാൽ, ബിഷപ് ഫ്രാങ്കോ പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചും തെറ്റായ വിവരങ്ങൾ ധരിപ്പിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് വ്യക്തമാണ്. അതിന് അദ്ദേഹത്തിന് സഭാധികാരികളുടെ പിന്തുണയുമുണ്ട്.
- എനിക്കെതിരെ ബിഷപ് ഫ്രാങ്കോ എടുത്ത അച്ചടക്ക നടപടികൾ കാരണമാണ് ഞാൻ പൊലീസ് കേസ് കൊടുത്തതെന്നായിരുന്നു ബിഷപ്പിന്‍റെ ആദ്യ നിലപാട്. ഒരു തർക്കത്തെ തുടർന്ന് എന്‍റെ ഒരു ബന്ധു എനിക്കെതിരായി മദർ സുപ്പീരിയറിന് നൽകിയ പരാതി അദ്ദേഹം ഇതിനായി ഉപയോഗിച്ചു. യഥാർത്ഥ കുറ്റകൃത്യത്തിൽ നിന്ന് പൊലീസിന്‍റെ ശ്രദ്ധ തിരിക്കാനുള്ള ഒരു ആയുധമായി അദ്ദേഹം ഇത് ഉപയോഗിച്ചു. പൊലീസ് അന്വേഷണത്തിൽ ആ ബന്ധു നൽകിയ പരാതി കെട്ടിച്ചമച്ച കള്ളക്കഥയാണെന്ന് പിന്നീട് തെളിഞ്ഞു.
- ഫാ.ജെയിംസ് ഏർത്തയിൽ ഞങ്ങളെ മൂന്ന് തവണ സമീപിച്ച് ബിഷപ് ഫ്രാങ്കോയ്ക്ക് എതിരായ പരാതി പിൻവലിക്കുകയാണെങ്കിൽ വൻ തുകയും കാഞ്ഞിരപ്പള്ളി രൂപതാ പരിധിയിൽ പത്ത് ഏക്കർ ഭൂമിയും തരാമെന്ന് വാഗ്ദാനം ചെയ്തു. ഇതിന് പിന്നിലെ ജലന്ധർ രൂപതയുടെ കൈ വെളിവാക്കുന്നതാണ് ഈ CMI വൈദികന്‍റെ ഇടപെടൽ. ബിഷപ്പിനെതിരായ പരാതി പിൻവലിപ്പിക്കാൻ ജലന്ധർ രൂപതാ അധികൃതർ ഞങ്ങളുടെ മേൽ നടത്തിയ സമ്മർദ്ദത്തിന്‍റെ ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിനും കിട്ടിയിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിൽ ശക്തരായ പലരും ഉള്ളതുകൊണ്ട് പൊലീസ് ഇക്കാര്യത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ല.
- സ്വന്തം അധികാരസ്ഥാനം സംരക്ഷിക്കാൻ വേണ്ടി കള്ളത്തെളിവുകൾ കാട്ടിയാണ് ബിഷപ് ഫ്രാങ്കോ എനിക്കും എന്‍റെയൊപ്പം നിൽക്കുന്ന കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങൾക്കും എതിരെ കേരളത്തിലും പഞ്ചാബിലും നൽകിയ വിവിധ കേസുകൾ കൊടുത്തത്. എന്‍റെ ഇടവകയിലെ സിജോയ് എന്നയാളെ സ്വാധീനിച്ച് എന്‍റെ സഹോദരൻ ബിഷപ് ഫ്രാങ്കോയെ വകവരുത്താൻ തയ്യാറെടുക്കുന്നതായി മൊഴി കൊടുപ്പിച്ചു. ഇതിനായി സിജോയെ വിമാനമാർഗ്ഗം അവർ ജലന്ധറിലേക്ക് വിളിച്ചുവരുത്തി. എന്നാൽ പിന്നീട് പൊലീസിനോട് സിജോയ് സത്യം തുറന്നു പറഞ്ഞു.
- കേസിന്‍റെ തുടക്ക സമയത്ത് ഒരു പ്രമുഖ ടെലിവിഷൻ ചാനലിലെ അഭിമുഖത്തിൽ താൻ പൊലീസ് സംഘം ജലന്ധറിലെത്താൻ കാത്തിരിക്കുകയാണെന്നും അവരോട് സത്യം തുറന്നു പറയുമെന്നും പറഞ്ഞു. എന്നാൽ ദിവസങ്ങളോളം പലരേയും ചോദ്യം ചെയ്തതിന് ശേഷം പൊലീസ് ജലന്ധറിലെ ബിഷപ് ഹൗസിൽ എത്തിയപ്പോൾ, അദ്ദേഹം പഞ്ചാബ് പൊലീസിന്‍റെ സഹായത്തോടെ രക്ഷപ്പെടാനാണ് ശ്രമിച്ചത്. ബിഷപ് ഫ്രാങ്കോ ജലന്ധറിലെ ഒരിടത്തുതന്നെ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഛത്തീസ്ഘഡിൽ ആയിരുന്നു എന്ന് അവർ ധരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥർ അന്നുതന്നെ അദ്ദേഹത്തെ കാണണം എന്ന് ഉറച്ച നിലപാട് എടുത്തപ്പോൾ, നാല് മണിക്കൂറിന് ശേഷം പഞ്ചാബ് പൊലീസ് അദ്ദേഹത്തെ തിരികെ വിളിച്ചു. വൈകുന്നേരം അന്വേഷണ സംഘത്തെ കാണാൻ ബിഷപ് ഫ്രാങ്കോ എത്തിയപ്പോൾ അദ്ദേഹത്തിന്‍റെ സ്വകാര്യ സുരക്ഷാ സംഘം ബിഷപ് ഹൗസിൽ വച്ച് പഞ്ചാബ് പൊലീസിന് മുന്പിൽ വച്ച് മാധ്യമപ്രവർത്തകരെ ആക്രമിച്ചു.
- പൊലീസ് ചോദ്യം ചെയ്ത സമയത്ത് ബിഷപ് ഫ്രാങ്കോ പരസ്പരവിരുദ്ധമായ മൊഴികൾ നൽകുകയും കുറവിലങ്ങാട് മഠത്തിൽ വന്നുതാമസിച്ച കാര്യം നിഷേധിക്കുകയും ചെയ്തു. പക്ഷേ അത് മഠത്തിലെ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്, അദ്ദേഹത്തെ എത്തിച്ച ഡ്രൈവർ അക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. മുതലക്കോടം സേക്രഡ് ഹാർട്ട് കോൺവെന്‍റിലെ ഒരു കന്യാസ്ത്രീയെ സ്വാധീനിച്ച് ആ ദിവസങ്ങളിൽ അദ്ദേഹം അവിടെയായിരുന്നു താമസമെന്ന് ബിഷപ് ഫ്രാങ്കോ ഇക്കാര്യത്തിൽ കള്ളത്തെളിവുണ്ടാക്കി. പക്ഷേ അന്വേഷണസംഘം പിന്നീട് സത്യം കണ്ടെത്തി. കള്ളം പറയാൻ തന്നെ നിർബന്ധിക്കുകയായിരുന്നു എന്ന് ആ കന്യാസ്ത്രീ സമ്മതിച്ചു. അവരുടെ മഠത്തിലെ രജിസ്റ്റർ സത്യം പുറത്തുകൊണ്ടുവന്നു.
- ഇന്ത്യൻ ശിക്ഷാനിയമപ്രകാരം, ഇരയുടെ വൈദ്യ പരിശോധനാ റിപ്പോർട്ടും സെക്ഷൻ 164 പ്രകാരം ഇര മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയും മാത്രം മതി ഈ കേസ് മുന്നോട്ട് കൊണ്ടുപോകാൻ. 2018 ഓഗസ്റ്റ് പത്താം തീയതി അന്വേഷണ ഉദ്യോഗസ്ഥനായ DYSP കെ.സുഭാഷ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ അത് വ്യക്തമായി പറയുന്നുണ്ട്. “ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റേയും ശേഖരിച്ച തെളിവുകളുടേയും അടിസ്ഥാനത്തിൽ, കന്യാസ്ത്രീയെ അവരുടെ സമ്മതമില്ലാതെയും ജലന്ധർ ബിഷപ് എന്ന നിലയിലുള്ള അധികാരസ്ഥാനം ഉപയോഗിച്ചും ബിഷപ് ഫ്രാങ്കോ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായും23/09/2017 നും 05/05/2018 ഇടയിൽ നിരവധി തവണ ബലാത്സംഗം ചെയ്തതായും വെളിപ്പെട്ടിട്ടുണ്ട്. കുറവിലങ്ങാട് സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോം ഗസ്റ്റ് ഹൗസിന്‍റെ ഇരുപതാം നമ്പർ മുറിയിൽ തടങ്കലിൽ വച്ചായിരുന്നു പീഡനം.”(റിപ്പോർട്ടിന്‍റെ പകർപ്പ് ഒപ്പം ചേർക്കുന്നു.)
പക്ഷേ ഈ കേസിൽ 72 ദിവസത്തെ അന്വേഷണം കഴിഞ്ഞിട്ടും, ബിഷപ് ഫ്രാങ്കോ അദ്ദേഹത്തിന്‍റെ എല്ലാ വിശേഷാധികാരങ്ങളുമായി സുഖമായി കഴിയുന്നു. അദ്ദേഹത്തിന് പൊലീസ് ഉന്നത അധികാരികളിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്ന് അസാമാന്യമായ സുരക്ഷ കിട്ടുന്നു. ഇന്ത്യൻ കത്തോലിക്കാ സഭാ അധികൃതരുടെ ഉദാസീനതയും നാടിന്‍റെ നിയമങ്ങളിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന സുരക്ഷ വർദ്ധിപ്പിക്കുന്നു.
ഈ പരാതി നൽകിയ ദിവസം മുതൽ ഞങ്ങൾ സഭയുടേയും സമൂഹത്തിന്‍റേയും മുഖ്യധാരയിൽ നിന്ന് പുറത്തായിരിക്കുന്നു. എല്ലാ ദിശയിൽനിന്നും ഞങ്ങൾ അവഗണന മാത്രമാണ് അനുഭവിക്കുന്നത്. പിതാക്കൻമാരോടും പുരോഹിതരോടും മാത്രമേ സഭയ്ക്ക് പരിഗണനയുള്ളൂ എന്ന് ഞങ്ങൾക്ക് തോന്നുന്നു. കന്യാസ്ത്രീകൾക്കും സ്ത്രീകൾക്കും നീതി കിട്ടാൻ കാനോൻ നിയമത്തിൽ എന്തെങ്കിലും വകുപ്പുകളുണ്ടോ എന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. അങ്ങനെയുണ്ടെങ്കിൽ സഭ എന്തിനാണ് ഞങ്ങളോട് ഇത്രയും വേർതിരിവ് കാണിക്കുന്നത്? ഞങ്ങളുടെ ചില അനുഭവങ്ങളാണ് ചുവടെ.
- ഞങ്ങളുടെ മഠം ഉൾപ്പെടുന്ന ഇടവകയിലെ പുരോഹിതർ ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കാൻ വരുന്നത് നിർത്തി. വൃദ്ധർ ഉൾപ്പെടെ ഇരുപത് അന്തേവാസികളുണ്ട് ഈ മഠത്തിൽ.
- മിക്ക പുരോഹിതരും കന്യാസ്ത്രീകളും ഞങ്ങളെ കത്തോലിക്കാ സഭയുടെ ശത്രുക്കളായി കാണുന്നു. സഭ തുടരുന്ന മൗനം ഞങ്ങൾക്ക് കൂടുതൽ നാണക്കേട് വന്നുചേരാനും ഞങ്ങളെ കൂടുതൽ സ്വഭാവഹത്യ ചെയ്യാനും കാരണമാകുന്നു.
- കന്യാസ്ത്രീകളേയും പുരോഹിതരേയും സഭ രണ്ടു തരമായാണ് കണക്കാക്കുന്നത്. അച്ചടക്കരാഹിത്യം ആരോപിച്ച് ജലന്ധർ രൂപതയിൽ നിന്ന് ഫാ.ബേസിൽ എന്ന പുരോഹിതനെ ബിഷബ് ഫ്രാങ്കോ പുറത്താക്കിയപ്പോൾ അക്കാര്യം സിറോ മലബാർ രൂപതാ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ ഇടപെടാനാകില്ലെന്ന് സിറോ മലബാർ സഭാ അധികാരികൾ വ്യക്തമാക്കി. ഞങ്ങളുടെ സന്ന്യസ്ഥ സമൂഹം സിറോ മലബാർ പാരമ്പര്യത്തിലുള്ളതല്ല, ലത്തീൻ പാരമ്പര്യത്തിലുള്ളതാണ് എന്നായിരുന്നു വിശദീകരണം. അധികാരത്തിനൊപ്പം മാത്രമേ സഭ നിൽക്കൂ എന്നതിന് തെളിവാണിത്. ശബ്ദമില്ലാത്തവർക്ക് ഇവിടെ ശബ്ദമില്ല.
- ബിഷപ് ഫ്രാങ്കോയ്ക്ക് എതിരായ കേസ് പിൻവലിക്കാൻ വേണ്ടി CMI പുരോഹിതൻ ഫാ.ഏർത്തയിൽ ഞങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ച വിവരം വെളിവായപ്പോൾ CMI പ്രൊവിൻഷ്യൽ ഫാ.ഏർത്തയിലിന് വേണ്ടി ബിഷപ് ഫ്രാങ്കോയോടും ജലന്ധർ രൂപയോടും മാപ്പപേക്ഷിച്ചു. ഫാ.ഏർത്തയിലിന്‍റെ ഇടപെടൽ അവർക്ക് ഉണ്ടാക്കിയ നാണക്കേട് കാരണമായിരുന്നു ഇത്. എന്നാൽ സ്ത്രീകൾക്ക് ഉണ്ടായ നാണക്കേടിലോ അവരുടെ നീതിക്കുവേണ്ടിയുള്ള ശ്രമത്തിലോ CMI ആത്മീയ നേതൃത്വത്തിന് ഒരു ഉത്കണ്ഠയുമില്ല.
- സഭയെ അമ്മയായി കാണണമെന്നാണ് കുട്ടിക്കാലം മുതലേ ഞങ്ങളെ പഠിപ്പിച്ചത്. എന്നാൽ സ്ത്രീകൾക്കും സാധാരണക്കാർക്കും സഭ ചിറ്റമ്മയാണെന്ന് എന്‍റെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.
- പാരിഷ് ഹൗസുകൾ, പാസ്റ്റരൽ സെന്‍ററുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉള്ളപ്പോഴും പുരോഹിതരേയും പിതാക്കൻമാരെയും കന്യാസ്ത്രീ മഠങ്ങളിൽ രാത്രി തങ്ങാൻ അനുവദിക്കുന്നതിലും എനിക്ക് ഉത്കണ്ഠയുണ്ട്.
പിതാവേ, ഞാനൊന്നു ചോദിക്കട്ടെ, ബിഷപ് ഫ്രാങ്കോയെ സംരക്ഷിച്ച്, സഭയുടെ അന്തസ് സംരക്ഷിക്കാൻ നോക്കുന്ന സഭാ അധികൃതർക്ക് എനിക്ക് നഷ്ടപ്പെട്ടത് തിരികെ തരാൻ കഴിയുമോ? കത്തോലിക്കാ സഭ ഇപ്പോഴും എന്നെ സംശയിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. എന്നെ ‘പതിമൂന്ന് തവണ’ ലൈംഗികമായി ചൂഷണം ചെയ്യാൻ ഞാനെന്തിന് നിന്നുകൊടുത്തു?ഇത് പുറത്തുപറയാൻ എനിക്ക് കഠിനമായ ഭയവും നാണക്കേടുമായിരുന്നു. ഇത് ഒതുക്കിത്തീർക്കുമെന്നും എന്‍റെ കുടുംബത്തിന് ഭീഷണിയുണ്ടാകുമെന്നും ഞാൻ ഭയന്നു. അയാളെ തടയാനുള്ള കരുത്ത് ഞാൻ സംഭരിക്കുമ്പോൾ സത്യത്തിന് നേരെ സഭ കണ്ണടക്കുന്നത് എന്തേയെന്നും ഞാൻ ഭയന്നു.
ബഹുമാന്യരെന്ന് കരുതുന്നവരും കരുതൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരും ആയ പലരും ലൈംഗികമായി ഉപദ്രവിക്കുമ്പോൾ ചെറുക്കാനുള്ള ശേഷിയും ധൈര്യവുമില്ലാതെ നിരവധി കന്യാസ്ത്രീകളും സ്ത്രീകളും ഒന്നും മിണ്ടാതെ സഹിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ കാണുമ്പോഴുള്ള സഭാ അധികാരികളുടെ മൗനവും കുറ്റവാളികൾക്കുള്ള പിന്തുണയും പൊതുസമൂഹത്തിന് മുമ്പിൽ സഭയുടെ വിശ്വാസ്യത തകർക്കുമെന്ന് ഞാൻ ഭയപ്പെടുന്നു മനുഷ്യൻ എന്ന നിലയിലുള്ള അന്തസ് സംരക്ഷിക്കണമെങ്കിൽ . ഇന്ത്യൻ കത്തോലിക്കാ സഭയിലെ സ്ത്രീകൾക്ക് സഭാവിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ട് പ്രതികരിച്ചാലേ കഴിയൂ എന്ന നിലയാണ്.
സന്ന്യസ്ഥ സമൂഹത്തിന്‍റെ നേതൃത്വത്തിൽ നിന്നും സിറോ മലബാർ, ലത്തീൻ സഭാ അധികാരികളിൽ നിന്നും നീതി നിഷേധിക്കപ്പെട്ട വിശ്വാസിയായ ഒരു കന്യാസ്ത്രീ എന്ന നിലയിൽ എന്‍റെ അവസ്ഥയിൽ കനിവുണ്ടാകണമെന്ന് ഒരിക്കൽക്കൂടി ഞാൻ അങ്ങയോട് കേണപേക്ഷിക്കുന്നു. വേഗം ഒരു അന്വേഷണം നടത്തി ബിഷപ് ഫ്രാങ്കോയെ അദ്ദേഹം വഹിക്കുന്ന ആത്മീയ ചുമതലയിൽ നിന്ന് നീക്കണമെന്ന് സഭാ അധികൃതരോട് ഞാൻ യാചിക്കുന്നു. ഈ സ്ഥാനത്ത് തുടർന്നാൽ അദ്ദേഹവും അദ്ദേഹത്തിന്‍റെ കൂട്ടാളികളും സഭയുടെ സമ്പത്ത് ഉപയോഗിച്ച് പൊലീസിന്‍റെ അന്വേഷണം വഴിതെറ്റിക്കും. പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്ത് അവർക്കൊപ്പം നിൽക്കാൻ അവർ ആളുകളെ സ്വാധീനിക്കും. അവർ ഞങ്ങളെ ആക്രമിക്കാൻ ആളുകളെ സംഘടിപ്പിക്കുകയാണ്. ബിഷപ് ഫ്രാങ്കോ പണവും രാഷ്ട്രീയ അധികാരവും ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥരേയും സർക്കാരിനേയും സ്വാധീനിക്കുകയാണ്. ഞാൻ ഉയർത്തിയ നിയമനടപടികളെ അദ്ദേഹം കുഴിച്ചുമൂടും. രണ്ട് മാസം മുമ്പാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കേസ് കൊടുത്തതെങ്കിലും, ശേഖരിച്ച തെളിവുകൾ പ്രകാരം അന്വേഷണ സംഘത്തിന് വസ്തുത ബോധ്യപ്പെട്ടെങ്കിലും, ബിഷപ്പിന്‍റെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കാരണം അവർക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
ഈ സാഹചര്യത്തിൽ ഞാൻ വീണ്ടും നീതിക്കുവേണ്ടി സഭാധികൃതരെ സമീപിക്കുകയാണ്. വിശുദ്ധ സഭാ സമുദ്രത്തെ ഇന്ത്യയിൽ പ്രതിനിധീകരിക്കുന്ന അങ്ങ് അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
(പീഡനത്തെ അതിജീവിച്ച കന്യാസ്ത്രീ)
കുറവിലങ്ങാട്,
08/09/2018
