Asianet News MalayalamAsianet News Malayalam

ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമം; മുഖ്യമന്ത്രിക്ക് കന്യാസ്ത്രീകളുടെ കത്ത്

കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 

nuns of kuruvilangad s letter to cm
Author
Kochi, First Published Jan 19, 2019, 9:47 AM IST

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്  അട്ടിമറിക്കാന്‍ നിരന്തര ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി  കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സ്ഥലംമാറ്റം തടയാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്. കേസിന്‍റെ കാലാവധി തീരുംവരെ കുറവിലങ്ങാട്ട് തുടരാൻ അനുവദിക്കണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. സാക്ഷികളായ തങ്ങൾക്ക് നിരന്തര ഭീഷണിയുണ്ടെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

തങ്ങളെ സ്ഥലംമാറ്റിയത് സമ്മര്‍ദ്ദത്തിലാക്കാനാണ്. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്ത കുറ്റം. നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാൻ ബിഷപ്പ് ശ്രമിക്കുകയാണെന്നും  കന്യാസ്ത്രീകള്‍ കത്തില്‍ പറയുന്നു.  സ്ഥലം മാറ്റിക്കൊണ്ടുള്ള മദർ സുപ്പീരിയറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം എത്തി. ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദർ സുപ്പീരിയർ എന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ്  ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെയാണ് പ്രതികാര നടപടിയുണ്ടായത്. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ അ‍ഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റുകയായിരുന്നു. 

സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്.  കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിൻ,ആൽഫി, നീന റോസ് എന്നിവര്‍ക്കെതിരെയാണ് പ്രതികാര നടപടി.  മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. 

സമരനേതാവ് സിസ്റ്റർ അനുപമയെ പ‌ഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്. ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കന്യാസ്ത്രീകൾക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios