സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധസംഗമത്തിൽ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകൾ പങ്കെടുക്കില്ല. പകരം സമരത്തെ പിന്തുണയ്ക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാകും സംഗമത്തിൽ പങ്കെടുക്കുക. കൊച്ചിയിലെ സമരപന്തലിലേക്കും ഐക്യദാർഡ്യമർപ്പിച്ച് ഇന്ന് നിരവധി പേരെത്തും.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതൽ ശക്തി പ്രാപിക്കുന്നു. കൊച്ചിയ്ക്ക് പുറമെ സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. കേസിന്റെ തുടർനടപടികൾ ചർച്ച ചെയ്യാനുള്ള നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വെകും തോറും പ്രതിഷേധം ശക്തമാകുകയാണ്.കൊച്ചിയ്ക്ക് പുറമെ സെക്രട്ടറിയേറ്റിനു മുന്നിലും സമരം തുടങ്ങുകയാണ് സന്യാസിസമൂഹ സംരക്ഷണ വേദി.

സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധസംഗമത്തിൽ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകൾ പങ്കെടുക്കില്ല. പകരം സമരത്തെ പിന്തുണയ്ക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാകും സംഗമത്തിൽ പങ്കെടുക്കുക. കൊച്ചിയിലെ സമരപന്തലിലേക്കും ഐക്യദാർഡ്യമർപ്പിച്ച് ഇന്ന് നിരവധി പേരെത്തും. കണ്ണൂരിൽ നിന്ന് തുടങ്ങുന്ന ഐക്യദാർഢ്യയാത്രയിൽ കൽപ്പറ്റ നാരായണൻ, ഹമീദ് ചേന്നമംഗലൂർ,ഡോ.ആസാദ് തുടങ്ങിയവർ പങ്കെടുക്കും. ഇവർക്ക് പുറമെ സിനിമാമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ പ്രവർത്തകരും കന്യാസ്ത്രീകൾക്ക് പിന്തുണയുമായും എത്തും.

അതിനിടെ സമരത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കി ആലുവ കർമ്മലീത്ത മഠം രംഗത്തെത്തി. ഇത് സംബന്ധിച്ച് മഠത്തിന് മദർ സുപ്പീരിയർ കത്തയച്ചു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ശനിയാഴ്ചയാണ് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. തുടർന്ന് സാസ്കാരിക , രാഷ്ട്രിയ മേഖലകളിൽ നിന്നുള്ളവരും ക്രൈസ്തവ സംഘടനകളും സമരത്തെ ഏറ്റെടുക്കുകയായിരുന്നു.