Asianet News MalayalamAsianet News Malayalam

നീതി തേടി ഏഴാം ദിനം; കന്യാസ്ത്രീകള്‍ സമരച്ചൂടില്‍ തന്നെ

സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് സംസ്ഥാനത്തെ പല ഇടങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് സേവ് ആക്ഷൻ കൗൺസിൽ അറിയിച്ചു

nuns protest against jalandhar bishop on seventh day
Author
Kochi, First Published Sep 14, 2018, 6:51 AM IST

കൊച്ചി: ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം കൊച്ചിയിൽ തുടരുന്നു. സമരം ഒരാഴ്ചയിലേക്ക് എത്തുമ്പോൾ വലിയ രീതിയിൽ ഉള്ള ജനപിന്തുണയാണ് കിട്ടുന്നത്.

രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്ത് നിന്നുള്ള നിരവധി പേരാണ് സമരത്തിന് പിന്തുണയുമായി എത്തുന്നത്. സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് സംസ്ഥാനത്തെ പല ഇടങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് സേവ് ആക്ഷൻ കൗൺസിൽ അറിയിച്ചു.

അതോടൊപ്പം തിങ്കളാഴ്ച മുതൽ ജില്ലകൾ കേന്ദ്രീകരിച്ചു നിരാഹാര സമരം തുടങ്ങാനും നീക്കമുണ്ട്. പൊലീസിൽ നിന്ന് അനുകൂല നടപടി ഉണ്ടാകും വരെ സമരവുമായി മുന്നോട്ട് പോകും എന്ന നിലപാടിലാണ് കന്യാത്രീകളും സമര സംഘാടകരായ ആയ ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലും.

അതേസമയം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പൊലീസ് ബിഷപ്പിന് നോട്ടീസയച്ചതിനു പിന്നാലെ ഫ്രാങ്കോ മുളയക്കലിന്‍റെ അഭിഭാഷകൻ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ചോദ്യം ചെയ്യാനാണെങ്കിൽ മാത്രമേ പൊലീസുമായി സഹകരിക്കുകയുള്ളുവെന്നും അതല്ലെങ്കിൽ സുപ്രീം കോടതി വരെ പോകുമെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അഭിഭാഷകൻ പറഞ്ഞു.

എന്നാൽ, ഇക്കാര്യം ജലന്തർ രൂപത നിഷേധിച്ചു. അന്വേഷണ സംഘം അറിയിച്ചതനുസരിച്ച് അടുത്ത ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും രൂപതാ വൃത്തങ്ങൾ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios