തിരൂര്‍: മലപ്പുറം എടയൂരില്‍ മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കാനെത്തിയ നഴ്‌സിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ നഴ്‌സ് ശ്യാമള ഭായിയെ കുറ്റിപ്പുറം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിസില്‍സ് റുബെല്ല വാക്സിനെട്ടടുക്കുന്നതിനിടയിലാണ് എടയൂര്‍ പി എച്ച് സിയിലെ നഴ്സ് ശ്യാമള ഭായിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. ശ്യാമള ഭായിയുടെ കൈപിടിച്ച് തിരിക്കുകയും, മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്‌തെന്നുമാണ് പരാതി.

കൂടെയുണ്ടായിരുന്ന അരോഗ്യ വകുപ്പുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെയും സംഘം മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കലക്ടര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും അരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ പരാതി നല്‍ികി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഡി.എം.ഒ ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം അനുവാദമില്ലാതെയാണ് കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്തിയതെന്നാണ് ചില രക്ഷിതാക്കളുടെ ആരോപണം. രക്ഷിതാക്കളെങ്കിലും സംഭവം അറിയേണ്ടതല്ലേ എന്നും ഇവര്‍ ചോദിച്ചു.