Asianet News MalayalamAsianet News Malayalam

നേഴ്‌സ് അടിസ്ഥാന ശമ്പളം; മിനിമം വേജ് അഡ്വൈസറി ബോര്‍ഡില്‍ ഭിന്നത

  • മുതലാളിമാര്‍ക്ക് വേണ്ടി സ്വകാര്യ മേഖലയിലെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ സാഹചര്യമൊരുക്കിയ സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് പിരിച്ചുവിടണമെന്നാണ് ആശുപത്രി മേഖലയിലെ ജീവനക്കാര്‍ ആവശ്യപ്പെടുന്നത്
Nurse basic salary The minimum wage advisory board divides

തൃശൂര്‍: സ്വകാര്യ ആശുപത്രി മിനിമം വേജ് കമ്മിറ്റി കൈമാറിയ അടിസ്ഥാന ശമ്പള സ്‌കയില്‍ റിപ്പോര്‍ട്ടും ഇതിന്മേല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനവും മുഖവിലയ്‌ക്കെടുക്കാതെയുള്ള നീക്കത്തിനെതിരെ സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോര്‍ഡില്‍ ഭിന്നത. സിഐടിയുവിലെ ഒരു വിഭാഗവും എഐടിയുസി അംഗവും ചെയര്‍മാനായ പി.കെ ഗുരുദാസനും ലേബര്‍ കമ്മിഷണറും സമര്‍പ്പിച്ച പുതിയ സ്‌കയിലിനെ എതിര്‍ത്തു. സ്വകാര്യ ആശുപത്രി മാനേജുമെന്റുകളില്‍ നിന്ന് ബോര്‍ഡിലെ ഒരു വിഭാഗം അംഗങ്ങള്‍ വന്‍ തുക കോഴ പറ്റിയതായുള്ള ആരോപണം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിക്കുന്നതിനിടെയാണ് കൊല്ലം ഗവ.ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം ഭിന്നതയിലെത്തിയത്.

ആശുപത്രി ഉടമകളുടെയോ തൊഴിലാളികളുടെയോ പ്രതിനിധികളില്ലാതിരുന്നിട്ടും ബോര്‍ഡില്‍ ഉടമകളുടെ താല്‍പര്യത്തിനനുസൃതമായ നിര്‍ദ്ദേശം വരികയായിരുന്നു. മേഖലയുമായി ബന്ധമുള്ളവരില്ലാത്തതിനാല്‍ മിനിമം വേജ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ബോര്‍ഡ്  മുഖവിലയ്‌ക്കെടുത്തില്ല. സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിനും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനും ഇടത് ട്രേഡ് യൂണിയന്‍ നേതാക്കളുടെ നിയന്ത്രണത്തിലുള്ള ബോര്‍ഡ് വില കല്‍പ്പിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. അതേസമയം, സ്റ്റാറ്റിയൂട്ടറി അധികാരമുള്ള സംവിധാനം ആണെന്നിരിക്കെ, സ്വകാര്യ ആശുപത്രി മുതലാളിമാരുടെ ആവശ്യത്തിന് മാത്രം പ്രാധാന്യം നല്‍കുന്ന നിര്‍ദ്ദേശമാണ് ചെയര്‍മാനുള്‍പ്പടെ ഒരു വിഭാഗം മുന്നോട്ട് വച്ചത്.

സ്വകാര്യ ആശുപത്രി മിനിമം വേജ് കമ്മിറ്റി മിനിമം വേജ് അഡൈ്വസറി ബോര്‍ഡിന് നേരത്തെ സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിക്കണമെന്ന്  എഐടിയുസി പ്രതിനിധി ജെ ഉദയഭാനു ഉന്നയിച്ചു. സിഐടിയുവിലെ ഒരു വിഭാഗം ഇതിനൊപ്പം നിന്നു. ഡിഎ ഉള്‍പ്പടെ ആനുകൂല്യങ്ങളെല്ലാം ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെയും എതിര്‍പ്പുണ്ടായി. ചെയര്‍മാന്റെ നിര്‍ദ്ദേശം നേരത്തെ, മിനിമം വേജ് കമ്മിറ്റി ശുപാര്‍ശ ചെയ്ത ശമ്പളത്തേക്കാള്‍ താഴെയാണ്. ഇത് അംഗീകരിച്ച് നടപ്പിലാക്കിയാല്‍ ആശുപത്രി മേഖലയിലെ മുഖ്യധാരാ ട്രേഡ് യൂണിയനുകള്‍ക്ക് കടന്നുചെല്ലാനാവില്ലെന്ന ചര്‍ച്ചയും ബോര്‍ഡിലുണ്ടായി.

ഇതോടെ, അന്തിമ ശിപാര്‍ശ എന്ന രൂപത്തില്‍ റിപ്പോര്‍ട്ട് കൈമാറാന്‍ ബോര്‍ഡിന് സാധിച്ചില്ല. ചെയര്‍മാനും കമ്മിഷണറും നിര്‍ദ്ദേശിച്ച സ്‌കെയിലും മിനിമം വേജ് കമ്മിറ്റിയുടെ ശുപാര്‍ശയും ഒരുമിച്ചാണ് അഡൈ്വസറി ബോര്‍ഡ് സര്‍ക്കാരിലേക്ക് കൈമാറിയിരിക്കുന്നത്. ബോര്‍ഡിന് ഇക്കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും സര്‍ക്കാരിന് ആവശ്യമായ മാറ്റം വരുത്താമെന്നുമുള്ള കുറിപ്പ് ഉള്ളടക്കം ചെയ്തിട്ടുണ്ട്.  

മുതലാളിമാര്‍ക്ക് വേണ്ടി സ്വകാര്യ മേഖലയിലെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ സാഹചര്യമൊരുക്കിയ സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് പിരിച്ചുവിടണമെന്നാണ് ആശുപത്രി മേഖലയിലെ ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. ഇന്ന് കൊല്ലം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ബോര്‍ഡിന്റെ യോഗ ശേഷം ഉണ്ടായ ദുരൂഹതകളും ആശങ്കളും ബോര്‍ഡിനെ സംശയനിഴലില്‍ നിര്‍ത്തുന്നുമുണ്ട്.

എന്നാല്‍, വിഷയം വീണ്ടും സര്‍ക്കാരിന്റെ പരിഗണനയിലേക്ക് മടങ്ങിയതോടെ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് സൂചന. കഴിഞ്ഞ ജൂലൈ 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നഴ്‌സുമാര്‍ക്ക് പ്രതീക്ഷ നല്‍കി 20,000 രൂപ അടിസ്ഥാന വേതനം പ്രഖ്യാപിച്ചത്. പിന്നീട് തൊഴില്‍, ആരോഗ്യം, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരടങ്ങിയ മൂന്നംഗ സമിതി 30,000 രൂപയ്ക്ക് മുകളില്‍ മിനിമം വേതനം നിശ്ചയിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതോടെയാണ് തുല്യ ജോലിക്ക് തുല്യ കൂലി എന്ന സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പിലാവുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന പ്രഖ്യാപനം കൂടി മുഖ്യമന്ത്രി നടത്തിയത്. 

എന്നാല്‍ ഈ രണ്ട് പ്രഖ്യാപിത നിലപാടുകളിലും വെള്ളം ചേര്‍ത്താണ് മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് ഇപ്പോള്‍ രണ്ട് നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുള്ളത്. സര്‍ക്കാരിന്റെ അധികാരവും മുഖ്യമന്ത്രിയുടെ വാക്കിനുള്ള വിലയും ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള നിലപാട് സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അതിനിടെ, നഴ്‌സുമാര്‍ യു.എന്‍.എയുടെ നേതൃത്വത്തില്‍ 16 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും. 24 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും യുഎന്‍എ അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios