ഫെബ്രുവരി 16നാണ് ഷെബിനെ വീട്ടിനുള്ളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സലാലയില്‍ സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായിരുന്നു ഷെബിന്‍. സലാല ദോഫാര്‍ ക്ലബിനു സമീപത്തെ ഫ്‌ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് ജീവന്‍ ഹോട്ടലില്‍ ഷെഫാണ്. ഒമാന്‍ നിയമ പ്രകാരം പൊലീസ് ഭര്‍ത്താവ് ജീവനെ കസ്റ്റഡിയിലെടുത്തെങ്കിലും രണ്ടു ദിവസത്തിനു ശേഷം വിട്ടയച്ചു. രാജ്യം വിട്ടു പോകരുതെന്ന് പൊലീസ് നിര്‍ദ്ദേശമുളളതിനാല്‍ മൃതദേഹത്തോടൊപ്പം നാട്ടിലെത്താന്‍ കഴിഞ്ഞില്ല. സംഭവ ദിവസം രാവിലെ ആറു മണിയോടെ ജീവന്‍ ജോലിക്കായി ഹോട്ടലിലേക്ക് പോയി. ഒന്‍പതു മണിക്കാണ് ഷെബിന്‍ ജോലിക്ക് പോകുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് ഭര്‍ത്താവ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ഷെബിന്‍ മരിച്ചു കിടക്കുന്നത് കണ്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത്. സമീപത്തെ ഫ്ലാറ്റുകളിലുള്ളവരും ജോലിക്കാരായതിനാല്‍ ഇവര്‍ പോയശേഷമാണ് സംഭവം നടന്നത്. സ്വര്‍ണം ഉപയോഗിക്കാത്തവരായതിനാല്‍ മൊബൈല്‍ഫോണ്‍ മാത്രമാണ് മോഷ്ടിക്കപ്പെട്ടതായി മനസ്സിലായിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ചയാണ് മൃതദേഹം വിട്ടു നല്‍കിയത്.

നെടുമ്പാശ്ശേരിയില്‍ വിമാനത്തിലെത്തിച്ച മൃതദേഹം ഷെബിന്റെ നാടായ പെരുമ്പാവൂരില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് ഉച്ചയോടെ മുരിക്കാശ്ശേരിയിലെത്തിച്ചത്.