സജീഷ് സര്‍ക്കാര്‍ ജോലിയില്‍ ചേര്‍ന്നു

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ഇന്നു സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്കു ചേര്‍ന്നു. പേരാമ്പ്ര കുത്താളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് സജീഷ് ജോലിയില്‍ പ്രവേശിച്ചത്.

ആരോഗ്യവകുപ്പിലെ ജോലിയില്‍ ചേരാന്‍ രാവിലെ ഒന്‍പതരയോടെ സജീഷ് എത്തിയിരുന്നു. ലിനി ജോലി ചെയ്ത വകുപ്പില്‍ തന്നെ ക്ലര്‍ക്കായി ജോലി കിട്ടിയതില്‍ സന്തോഷമെന്ന് സജീഷ് പറഞ്ഞു. പുതിയ ജോലി സ്ഥലത്ത് സജീഷിന് എല്ലാ പിന്തുണയുമായി സഹപ്രവര്‍ത്തകരും മേലധികാരികളും എത്തി.

ചെമ്പനോട്ടെ വീട്ടില്‍ നിന്ന് 9 കിലോമീററര്‍ മാത്രം ദൂരമേ ജോലി സ്ഥലത്തേക്കുള്ളു. ലിനിയുടെ അമ്മയും സഹോദരിയും കുട്ടികളെ നോക്കാനായി വീട്ടിലുണ്ട്. ലിനിയുടെ ഒാര്‍മ്മകളില്‍ പുതിയൊരു ജീവിതം തുടങ്ങാനൊരുങ്ങുകയാണ് പ്രവാസിയായിരുന്ന
സജീഷ്.