നിപ്പ ബാധിതരെ ചികിത്സിച്ച നഴ്സുമാരെ പിരിച്ചു വിട്ടു
കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച നഴ്സുമാർക്ക് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അവഗണന. നാടുനീളെ നിപ്പ വൈസ് ബാധിതരെ ചികിത്സിച്ച ഡോക്റ്റർമാരെയും നഴ്സുമാരെയും അഭിനന്ദിക്കുമ്പോഴാണ് ഈ നടപടി.
ഈ ആശുപത്രിയിലെ മൂന്ന് നഴ്സിങ് ട്രെയ്നികളെയാണ് മേഖലയിലെ പെർഫോർമെൻസ് കുറവിന്റെ പേരിൽ പിരിച്ചു വിട്ടിരിക്കുന്നത്. ഇതിൽ രണ്ട് പേർ നിപ്പ വൈറസ് ബാധിതരെ ചികിത്സിച്ച നഴ്സുമാരാണ്. രണ്ട് പേരോട് കഴിഞ്ഞ ദിവസം ജോലി അവസാനിപ്പിക്കാനും മറ്റൊരാളോട് അടുത്ത ദിവസം ജോലി അവസാനിപ്പിക്കാനുമാണ് ആശുപത്രി അധികൃതർ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് നഴ്സിങ് സംഘടനയുടെ ജില്ല ഭാരവാഹികൾ പറഞ്ഞു.
എന്നാൽ നിപ്പ രോഗികളെ പരിചരിച്ചതിന്റെ പേരില്ലല്ല നടപടിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നഴ്സുമാരുടെ പെർഫോർമൻസ് കുറവ് കണക്കിലെടുത്താണെന്നും നഴ്സിങ് ട്രെയ്നിമാരെ അവരുടെ മേഖലയിലെ കഴിവ് നോക്കിയാണ് ജോലിയിൽ തുടരാൻ അനുവദിക്കുകയെന്നുമാണ് വിശദീകരണം.
പിരിച്ചുവിടലിനെതിരെ നഴ്‌സുമാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മരിച്ചാൽ മാത്രം അഭിനന്ദിച്ചാൽ പോരാ ജീവിച്ചിരിക്കുമ്പോഴും അത് വേണമെന്നാണ് ഇവരുടെ ആവശ്യം. നഴ്‌സുമാരുടെ സമൂഹമാധ്യമത്തിലെ ഗ്രൂപ്പായ വാരിയേഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിപ്പ വൈറസ് ബാധ ആദ്യം കണ്ടു പിടിച്ച ആശുപത്രിയെന്ന നിലയിൽ രാജ്യാന്തര ശ്രദ്ധ നേടിയ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തന്നെയാണ് ഇവരെ ചികിത്സിച്ച നഴ്സുമാരെ അവഗണിക്കുന്നതെന്നാണ് പ്രത്യേകത.
