തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ മുതൽ പണിമുടക്കും . പണിമുടക്ക് ഒഴിവാക്കാൻ അന്തിമ വിജ്ഞാപനം ഉടൻ ഇറക്കാനുള്ള നീക്കത്തിലാണ് സർക്കാര്‍ . ഇതിനിടെ സമരം നിരോധിച്ച ഹൈക്കേോടി വിധി നിലനില്‍ക്കെ വീണ്ടും സമര നോട്ടീസ് നൽകിയതിനെതിരെ നിയമ നടുപടിക്ക് ഒരുങ്ങുകയാണ് മാനേജ്മെന്‍റുകള്‍ . 

മിനിമം വേതനം 20000 രൂപയില്‍ തുടങ്ങി കിടക്കകളുടെ എണ്ണം അനുസരിച്ച് സ‍ർക്കാര്‍ മേഖലയിലെതിന് തുല്യമായ വേതനം . ഇതായിരുന്നു നഴ്സുാരുമായുള്ള ചർച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത് .   നിയമ തടസ്സങ്ങളെല്ലാം നീങ്ങിയെങ്കിലും അന്തിമ വിജ്ഞാപനം ഇതുവരെ ഇറങ്ങിയില്ല . ഇതേത്തുടർന്നാണ് നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക്  . നിലവില്‍ അനിശ്ചിത കാല സമരം തുടരുന്ന കെ വി എം ആശുപത്രിക്കു മുന്നില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ചും നാളെ മുതൽ തുടങ്ങും . നഴ്സുമാരെ കൂടാതെ കുടുംബാംഗങ്ങളും മാർച്ചില്‍ പങ്കെടുക്കും . സ്വകാര്യ മേഖലയിലെ മുഴുവൻ നഴ്സുമാരും സമരത്തിലേക്ക് പോയാല്‍ സ്വകാര്യ ആരോഗ്യമേഖല പൂര്‍ണമായും സ്തംഭിക്കും .

നിലവിൽ 4000ത്തിലധികം രോഗികള്‍ വെൻറിലേറ്ററിലും 7500 ലധികം രോഗികള്‍ അത്യാഹിത വിഭാഗങ്ങളിലും അരലക്ഷത്തിലധികം രോഗികള്‍ കിടത്തി ചികില്‍സയിലുമുണ്ട് . അതീവ പരിചരണം വേണ്ട എല്ലാ രോഗികളെയും സർക്കാര്‍ മേഖലയിലേക്ക് മാറ്റാനും നിലവിലെ സാഹചര്യത്തില്‍ കഴിയുകയുമില്ല . അതേസമയം സമരം തുടങ്ങിയാൽ സർക്കാരിന് തിരിച്ചടിയാകുമെന്ന് കണ്ടാണ് വിജ്ഞാപനമിറക്കാനുള്ള നീക്കം ,. എന്നാൽ അടിസ്ഥാന ശന്പളം 20000 രൂപ ആകുമെങ്കിലും അലവൻസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല . നിലവില്‍ നിയമ വകുപ്പിൻറെ പരിഗണനയിലാണ് വിജ്ഞാപനം .