കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശി നഴ്‌സുമാര്‍ക്കും ആഴ്ചയില്‍ രണ്ട് അവധി ദിനങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടന്ന് ആരോഗ്യമന്ത്രാലം. രണ്ടു വര്‍ഷത്തിലേറെയായി നടന്നുവന്ന പരീക്ഷണത്തിനൊടുവില്‍ അടുത്തിടെ സ്വദേശികള്‍ക്കു മാത്രമായി അവധി അനുവദിച്ചിരുന്നു. ഘട്ടം ഘട്ടമായി വിദേശികള്‍ക്കും പ്രസ്തുത ആനുകൂല്യം നല്‍കുമെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലിചെയ്യുന്ന വിദേശികളായ നഴ്‌സുമാര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം വിശ്രമദിനം അനുവദിക്കുന്നത് കാര്യം പരിഗണനയിലുണ്ടന്ന് ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ ഹര്‍ബി പറഞ്ഞു. അന്താരാഷ്ട്ര നഴ്‌സിങ് ദിനത്തോടനുബന്ധിച്ച് കുവൈത്ത് നഴ്‌സസ് ഫോറം സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് മെഡിക്കല്‍ സര്‍വീസ് ചുമതല വഹിക്കുന്ന അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും സ്വദേശി നഴ്‌സുമാര്‍ക്ക് ആഴ്ചയില്‍ രണ്ടു വിശ്രമ ദിനങ്ങള്‍ അനുവദിച്ചിരുന്നു. അടുത്ത ഘട്ടങ്ങളില്‍ ജിസിസി രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാര്‍ക്കും തുടര്‍ന്നു ബിദൂനികള്‍, അതായത് പൗരത്വ രഹിതരായിട്ടുള്ള വിഭാഗത്തിലുള്ള നഴ്‌സ്മാര്‍ക്കും അനുവദിക്കും. അതിനുശേഷമാവും, മറ്റു വിദേശ രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്കും ഈ ആനുകൂല്യം നല്‍കിത്തുടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗികള്‍ക്കു മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ പരിചരിക്കുന്ന നഴ്‌സുമാരുടെ മാനസികാവസ്ഥ പ്രധാന ഘടകമാണ്. ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കിയാല്‍ ഉന്മേഷത്തോടെ ചികിത്സാ കാര്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് ഇടപെടാന്‍ അവസരം ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ഫലത്തില്‍, തീരുമാനം നടപ്പിലായാല്‍ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് നഴ്‌സുമാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.